ADVERTISEMENT

മരട് (കൊച്ചി)∙ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളിലെ താമസക്കാർ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടിസ് നൽകി. 5 ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ടാ‌‌ണ് നോട്ടിസ്. 

1994ലെ കേരള മുനിസിപ്പാലിറ്റീസ്‌ ആക്ടും നിലവിൽ ബാധകമായ മറ്റു നിയമങ്ങളും പ്രകാരം ഇനി ഒരു അറിയിപ്പു കൂടാതെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അതിനു ചെലവാകുന്ന തുക പ്രോസിക്യൂഷൻ നേരിടേണ്ടി വരുന്ന വ്യക്തിയിൽ നിന്ന്‌ ഈടാക്കുമെന്നും നഗരസഭയുടെ നോട്ടിസിൽ പറയുന്നു.

മരട് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ, റവന്യു ഇൻസ്പെക്ടർ ശാലിനി സാം, ഹെൽത്ത് ഇൻസ്പെക്ടർ സി.ജെ. വിൽസൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിബി പ്രവീൺ എന്നിവരാണ് നോട്ടിസ് നൽകിയത്.

ആദ്യം നോട്ടിസ് നൽകാൻ ചെന്ന നെട്ടൂർ കേട്ടേഴത്ത് കടവ് 'ജെയ്ൻ കോറൽ കോ'വിലും കുണ്ടന്നൂർ 'ഹോളി ഫെയ്ത്ത് എച്ച്ടുഒ'വിലും അധികൃതരെ അകത്തേക്കു കടത്താതെ ഉടമകൾ ഗേറ്റ്‌ പൂട്ടിയിട്ടു പ്രതിഷേധിച്ചു. നെട്ടൂർ ആൽഫാ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിൽ അകത്തു കടത്തിയെങ്കിലും ഉടമകൾ നോട്ടിസ് കൈപ്പറ്റാതിരുന്നതിനെ തുടർന്നു ചുവരിൽ പതിച്ചു. കണ്ണാടിക്കാട് ഗോൾഡൺ കായലോരത്തിലെ താമസക്കാർ മാത്രമാണ് തീരുമാനത്തിൽ വിയോജനക്കുറിപ്പു രേഖപ്പെടുത്തി നോട്ടിസ് നേരിട്ടു കൈപ്പറ്റിയത്.

പൊലീസ് ഇടപെട്ടതോടെ ജെയ്ൻ കോറൽ കോവിലെ താമസക്കാർ അധികൃതരെ അകത്തു കടത്തിയെങ്കിലും നോട്ടിസ് കൈപ്പറ്റാൻ തയാറായില്ല. സ്ത്രീകളടക്കം ആത്മഹത്യാഭീഷണി മുഴക്കിയെങ്കിലും അധികൃതർ ചുവരിൽ നോട്ടിസ് പതിച്ചു മടങ്ങി. ഹോളി ഫെയ്ത്തിൽ ഗേറ്റ് താഴിട്ടു പൂട്ടി. ഇവിടെയും ഏറെ നേരം കാര്യങ്ങൾ ധരിപ്പിച്ചിട്ടും ഗേറ്റ് തുറക്കാനോ നോട്ടിസ് കൈപ്പറ്റാനോ തയാറാകാതിരുന്ന സാഹചര്യത്തിൽ ചുവരിൽ പതിച്ചതോടെയാണ് 7 മണിക്കൂർ നീണ്ട നടപടികൾക്ക് അവസാനമായത്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com