ADVERTISEMENT

മൂന്നാർ ∙ ഗുണ്ടുമല എസ്റ്റേറ്റ് ലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. മൂന്നാർ മേഖലയിൽ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയായ എട്ടുവയസ്സുകാരിയെ കഴിഞ്ഞ തിങ്കളാഴ്ചയാണു ഗുണ്ടുമല എസ്റ്റേറ്റ് അപ്പർ ഡിവിഷനിലെ എസ്റ്റേറ്റ് ലയത്തിലെ വീട്ടിൽ കട്ടിലിൽ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉൗഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങിയതാണ് എന്നായിരുന്നു ആദ്യനിഗമനം. എന്നാൽ പെൺകുട്ടി പല തവണ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ സൂചന ലഭിച്ചതിനെത്തുടർന്നു പൊലീസ് അന്വേഷണം ശക്തമാക്കി. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നാർ ഡിവൈഎസ്പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. 

ഉടുമ്പൻചോല സിഐ അനിൽ ജോർജ്, രാജാക്കാട് സിഐ എച്ച്.എൽ.ഹണി, മൂന്നാർ എസ്ഐ കെ.എൻ.സന്തോഷ്, ഇടുക്കി സൈബർ സെൽ എസ്ഐ ജോബി എന്നിവർ ഉൾപ്പെട്ടതാണ് അന്വേഷണസംഘം.

സംഭവം നടന്ന തേയില എസ്റ്റേറ്റിൽ പെൺകുട്ടിയുടെ വീടിനു സമീപം പൊലീസ് ബുധനാഴ്ച ക്യാംപ് ഓഫിസ് തുറന്നു. 2 ദിവസത്തിനുള്ളിൽ 50 പേരെ ചോദ്യം ചെയ്തു. പലരുടെയും ഫോൺ വിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. 

പീഡനം സംബന്ധിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.   പീഡിപ്പിച്ച വ്യക്തിയെ കണ്ടെത്തിയാൽ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങും എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

പെൺകുട്ടി മരണത്തിനു തൊട്ടുമുൻപു പീഡനത്തിന് ഇരയായോ എന്നതു സ്ഥിരീകരിച്ചിട്ടില്ല. പഠനത്തിൽ മിടുക്കിയായിരുന്ന പെൺകുട്ടി അടുത്ത കാലത്തായി പഠന കാര്യങ്ങളിൽ പിന്നോട്ടു പോയിരുന്നുവെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്നാൽ ഉടൻ അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കും. 

രാജഗുരു കൊല്ലപ്പെട്ടതും ഇതേ എസ്റ്റേറ്റിൽ

കണ്ണൻ ദേവൻ കമ്പനിയിലെ ശിശുപരിപാലന കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന രാജഗുരുവിന്റെ കൊലപാതകം നടന്നതും ഇപ്പോൾ പെൺകുട്ടിയുടെ ദുരൂഹമരണം നടന്ന അതേ എസ്റ്റേറ്റിൽ.

2017 ഫെബ്രുവരി 14ന് ഉച്ചയ്ക്കാണു ശിശുപരിപാലന കേന്ദ്രത്തിൽ രാജഗുരുവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടത്. മാസങ്ങൾക്കു ശേഷമാണു യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ കഴി‍ഞ്ഞത്. 

ഇതര സംസ്ഥാനത്തൊഴിലാളികൾ ഒട്ടേറെയുള്ള ഈ എസ്റ്റേറ്റിൽ അവരെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യ അന്വേഷണം. പിന്നീടാണ് ഉറ്റ ബന്ധുക്കളിലേക്ക് അന്വേഷണം വഴി മാറുകയും കേസിനു തുമ്പുണ്ടാകുകയും ചെയ്തത്. ഇരുസംഭവങ്ങളും നടന്ന എസ്റ്റേറ്റ് മൂന്നാർ ടൗണിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com