ADVERTISEMENT

എടക്കര (മലപ്പുറം) ∙ പ്രളയം തകർത്തെറിഞ്ഞ ആദിവാസി ഊരിലേക്ക് പ്രതീക്ഷയുടെ പുതുജീവനുമായി സിന്ധുവെത്തി. പ്രസവിച്ച് നാലാം നാൾ കൈക്കുഞ്ഞുമായി 2 കിലോമീറ്റർ കാട്ടുവഴി താണ്ടിയാണ് അവർ വീണ്ടും കോളനിയിലേക്ക് എത്തിയത്. 

മുണ്ടേരി വനത്തിനുള്ളിലെ തണ്ടൻകല്ല് കോളനിയിൽ സിന്ധു പ്രസവത്തിനുള്ള ദിവസവും എണ്ണിക്കഴിയുന്നതിനിടയിലാണ് പ്രളയമുണ്ടായത്. കോളനിക്ക് അരികിലൂടെ ഒഴുകുന്ന പയ്യാനി പുഴ കരകവിഞ്ഞ് വീടുകൾക്കുള്ളിലേക്ക് വെളളം ഇരച്ചെത്തിയപ്പോൾ ഏറെ ബുദ്ധിമുട്ടിയാണ് സന്ധുവിനെ രക്ഷപ്പെടുത്തിയത്. പുറംലോകവുമായി ബന്ധപ്പെടാൻ ആശ്രയിച്ചിരുന്ന റോഡ് പ്രളയത്തിൽ തകർന്നതോടെ നിറവയറുമായി സിന്ധുവിനെ നടത്തി മുണ്ടേരി ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എത്തിക്കുകയായിരുന്നു. 

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ബുധനാഴ്ചയാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തപ്പോൾ ഒരു ദിവസം മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ ക്യാംപിൽ കഴിഞ്ഞു. ജനൽപാളികൾ പോലുമില്ലാത്ത കെട്ടിടത്തിൽ കു‍ഞ്ഞുമായി കഴിയാൻ പറ്റാതെ വന്നതോടെയാണ് കോളനിയിലേക്കു തന്നെ മടങ്ങാൻ തീരുമാനിച്ചത്. 4 ദിവസം മാത്രമായ കുഞ്ഞുമായി സിന്ധുവും മാതാവ് ലീലയും ഭർത്താവ് ശശിയും ഇന്നലെ ഉച്ചയ്ക്കാണ് കാടുതാണ്ടി കോളനിയിലെത്തിയത്. 

കൈക്കുഞ്ഞുമായി കോളനിയിലെ ജീവിതവും ദുരിതമാണ്. എന്തെങ്കിലും അസുഖം വന്നാൽ ആശുപത്രിയിലെത്തിക്കാൻ മാർഗമില്ല. ഇതിനു പുറമേ കാട്ടാന ഭീതിയുമുണ്ട്. കാട്ടാനകളെ പ്രതിരോധിക്കാൻ കോളനിക്കു ചുറ്റും സ്ഥാപിച്ച മതിൽ പ്രളയത്തി‍ൽ തകർന്നിരിക്കയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com