ADVERTISEMENT

ഇരിങ്ങാലക്കുട ∙ അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ വെട്ടിക്കൊന്നു; അക്രമി സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മാപ്രാണം വർണ തിയറ്ററിനു പിറകിൽ വാലത്ത് വീട്ടിൽ രാജനാണു (67) കൊല്ലപ്പെട്ടത്. രാജന്റെ മൂത്ത മകൾ വിൻഷയുടെ ഭർത്താവ് കോമത്തിൽ വിനുവിന് ആക്രമണത്തിൽ പരുക്കേറ്റു. 

 ഊരകം കൊടപ്പുള്ളി മണികണ്ഠനാണ്(25) ‍അറസ്റ്റിലായത്. വർണ തിയറ്റർ നടത്തിപ്പുകാരൻ ഇരിങ്ങാലക്കുട സ്വദേശി സഞ്ജയ് അടക്കം 3 പേരെ പിടികൂടാനുണ്ട്. രാജനെ വെട്ടാൻ ഉപയോഗിച്ച വാൾ വീടിനു സമീപത്തു നിന്നു കണ്ടെടുത്തു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തിയറ്ററിലേക്കു സിനിമ കാണാനെത്തുന്നവരുടെ വാഹനങ്ങൾ തന്റെ വീട്ടിലേക്കുള്ള വഴിയിൽ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാജനും സഞ്ജയുമായി പലപ്പോഴും തർക്കങ്ങളുണ്ടായിട്ടുണ്ട്.

 വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ  സഞ്ജയും  വിനുവുമായി വഴക്കുണ്ടായി. പിന്നീട് രാത്രി പന്ത്രണ്ടരയോടെ സഞ്ജയ് 3 സുഹൃത്തുക്കളുമായി ഓട്ടോറിക്ഷയിൽ രാജന്റെ വീട്ടിലെത്തി. രാജനും വിനുവും ഒരേ വളപ്പിൽ അടുത്തടുത്ത വീടുകളിലാണു താമസം.

 ഗേറ്റിൽ അടിക്കുന്ന ശബ്ദം കേട്ട് രാജൻ പുറത്തിറങ്ങി. വിനുവുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നു വിനുവിന്റെ വീടിന്റെ ഗേറ്റ് തുറന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ വിനുവിനെ സഞ്ജയും കൂടെയുണ്ടായിരുന്നവരും കയ്യേറ്റം ചെയ്യുകയും കത്തികൊണ്ട് കുത്തുകയും ബീർ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു.

 തടയാനെത്തിയ രാജന്റെ ഭാര്യ പുഷ്പയെ സംഘം തള്ളി താഴെയിട്ടു. ഇതിനിടെ രാജനു വെട്ടേറ്റു. തലയ്ക്കും കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ രാജനെ മാപ്രാണം ലാൽ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലർച്ചെ മരിച്ചു. പ്രവാസിയായിരുന്ന രാജൻ നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. വർഷയാണു രാജന്റെ മറ്റൊരു മകൾ. ഷൈനാണ് ഇവരുടെ ഭർത്താവ്. 

മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ വ്യാപക തിരച്ചിലിലാണ്, സംഭവം നടന്നു മണിക്കൂറുകൾക്കകം ഒരു പ്രതിയെ സിഐ പി.ആർ.ബിജോയ്, എസ്ഐ കെ.എസ്.സുബിന്ത് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. അക്രമി സംഘം രാജന്റെ വീട്ടിലേക്കു വരുന്നതിന്റെയും കയ്യേറ്റം ചെയ്യുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു പ്രതികളെ തിരിച്ചറിഞ്ഞത്. 

 എഎസ്ഐ ബാബു, സീനിയർ സിപിഒ ജെനിൻ, സിപിഒമാരായ ജോസഫ്, എ.കെ. മനോജ്, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. തൃശൂരിൽ നിന്നു വിരലടയാള–ഫൊറൻസിക് വിദഗ്ധർ എത്തി തെളിവുകൾ ശേഖരിച്ചു. 

സഞ്ജയ് തിയറ്റർ നടത്താൻ തുടങ്ങിയതു മുതൽ പ്രദേശവാസികളുമായി സംഘർഷമുണ്ടാകാറുണ്ടെന്നും ഗുണ്ടാ സംഘത്തിന്റെ സഹായത്തോടെയാണു തിയറ്റർ നടത്തിയിരുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. നാട്ടുകാർ തിയറ്റർ ഉപരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് പിരിച്ചുവിട്ടു. ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ തിയറ്ററിലേക്കു മാർച്ച് നടത്തി. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com