ADVERTISEMENT

തിരുവനന്തപുരം∙ പറമ്പിക്കുളം കടുവസങ്കേതത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിലും ക്വാറികൾ തുറക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പച്ചക്കൊടി. ഇക്കാര്യം പാലക്കാട് ജില്ലാ ജിയോളജിസ്റ്റ് രേഖാമൂലം അറിയിച്ചിട്ടും മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ കെ.ബിജു തുടർനടപടിയെടുത്തില്ലെന്നും ആക്ഷേപം.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവിലെ ക്വാറികൾ അടച്ചു പൂട്ടണമെന്നു വനം വകുപ്പ് ആവശ്യപ്പെട്ടപ്പോഴും ക്വാറികളുടെ മാപ്പ് കിട്ടിയില്ലെന്ന ന്യായത്തിൽ ഡയറക്ടർ ഇവയ്ക്കു പ്രവർത്തനാനുമതി നൽകിയിരുന്നു. അതിനിടെയാണു പാലക്കാട്ടെ ഇത്തരം ക്വാറികൾക്കെതിരെ നടപടി ആവശ്യപ്പെട്ടു ജില്ലാ ജിയോളജിസ്റ്റ് ഡയറക്ടർക്കു കത്തു നൽകിയത്. ചിറ്റൂർ കൊല്ലങ്കോട് വില്ലേജിൽ പുതിയ ക്വാറികൾ തുറക്കാൻ ജിയോളജി ഡയറക്ടറുടെ ഓഫിസ് അനുമതിപത്രം നൽകിയത് ഇതിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സ്ഥലമാണു പറമ്പിക്കുളം കടുവസങ്കേതത്തിന്റെ 3 കിലോമീറ്റർ പരിധിയിൽ വരുന്നത്. ഇതുവരെ ഇതിന്റെ അനുമതിപത്രം ഡയറക്ടർ റദ്ദാക്കിയിട്ടില്ല.

ആദ്യം നെന്മാറ ഡിഎഫ്ഒയുടെ കത്തിന്റെ അടിസ്ഥാനത്തിലാണു ക്വാറികളുടെ പട്ടിക സഹിതം നടപടി ആവശ്യപ്പെട്ടു ജില്ലാ ജിയോളജിസ്റ്റ് കത്തയച്ചത്. നടപടി ഉണ്ടാകാതെ വന്നതോടെ മുഖ്യ വനപാലകൻ ഡയറക്ടർക്കു കത്തു നൽകി. ക്വാറികളുടെ മാപ്പ് കിട്ടിയില്ലെന്ന ന്യായത്തിൽ അതിലും നടപടിയുണ്ടായില്ല. ഇക്കാര്യങ്ങൾ പാലക്കാട്, തൃശൂർ കലക്ടർമാരെ പീച്ചി വൈൽഡ് ലൈഫ് വാർഡൻ എ.ഒ.സണ്ണി രേഖാമൂലം അറിയിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ വനാതിർത്തിയിൽ നിയമവിരുദ്ധമായി ക്വാറികൾ പ്രവർത്തിക്കാൻ അനുവദിക്കുന്നതു കോടതിയലക്ഷ്യമാണെന്നും പ്രവർത്തനം നിർത്താൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ 2 കലക്ടർമാരും അനങ്ങിയിട്ടില്ല.

ക്വാറികളുടെ മാപ്പ് കിട്ടിയിട്ടും നടപടിയില്ല

മാപ്പ് കിട്ടിയിട്ടും അനധികൃത ക്വാറികൾക്കെതിരെ നടപടിയെടുക്കാൻ മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർക്കു മടി. പാലക്കാട്, തൃശൂർ ജില്ലകളിൽ ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾ ഉടൻ പൂട്ടണമെന്നു വനം വകുപ്പ് ആവശ്യപ്പെട്ടപ്പോൾ ക്വാറികളുടെ മാപ്പ് കിട്ടാത്തതിനാലാണു നടപടി സ്വീകരിക്കാത്തതെന്നാണു ജിയോളജി ഡയറക്ടർ കെ.ബിജു കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

എന്നാൽ അനധികൃത ക്വാറികൾ അടച്ചു പൂട്ടണമെന്നു ജിയോളജി വകുപ്പിനോടു നെന്മാറ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എൻ.രാജേഷ് ആവശ്യപ്പെട്ടിരുന്നു. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളുടെ പട്ടികയും ഡിഎഫ്ഒ കൈമാറി. കൊല്ലങ്കോട് റേഞ്ചിൽ 5 ക്വാറികളും ആലത്തൂർ റേഞ്ചിൽ 8 ക്വാറികളും ഇത്തരത്തിൽ ഹൈക്കോടതി നിർദേശം പാലിക്കാതെയും നിയമം ലംഘിച്ചും പ്രവർത്തിക്കുന്നു.

ഈ ക്വാറികളുടെ പേര്, വിസ്തീർണം, വനത്തിൽ നിന്നുള്ള ദൂരം എന്നിവ സഹിതം ഏപ്രിലിലാണു ‍ഡിഎഫ്ഒ റിപ്പോർട്ട് നൽകിയത്. അതിലേറെയും ഒരു ഹെക്ടറിൽ കൂടുതൽ വിസ്തീർണമുള്ള വൻകിട ക്വാറികളാണ്. അതിനാൽ അവയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ജിയോളജി ഡയറക്ടർക്കു മാത്രമാണ് അധികാരം. ഇക്കാര്യം പാലക്കാട് ജില്ലാ ജിയോളജിസ്റ്റും അറിയിച്ചു. എന്നാൽ ഡയറക്ടർ ഒരു നടപടിയും എടുത്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com