പാലാരിവട്ടം പാലം പൊളിക്കൽ ഒക്ടോബർ ആദ്യം മുതൽ
Mail This Article
കൊച്ചി ∙ പാലാരിവട്ടം പാലം പൊളിച്ചു നീക്കുന്നത് ഒക്ടോബർ ആദ്യം തന്നെ തുടങ്ങാൻ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളും ഇ. ശ്രീധരനും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. പാലം പൊളിക്കുന്നതും പുതുക്കിപ്പണിയുന്നതും സൊസൈറ്റിയെ ഏൽപിക്കാൻ ധാരണയായെങ്കിലും ഇതു സംബന്ധിച്ചു കരാർ ഒപ്പുവച്ചിട്ടില്ല. കരാർ ഒപ്പുവച്ച ശേഷമേ പാലം പൊളിക്കുന്നതിന്റെ ഷെഡ്യൂൾ തീരുമാനിക്കൂ എന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.
ഉൗരാളുങ്കൽ സൊസൈറ്റി ഭാരവാഹികൾ ശ്രീധരനും ഡിഎംആർസി ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂർ ചർച്ച നടത്തി. ഇൻഫോ പാർക്കിൽ ഉൗരാളുങ്കൽ സൊസൈറ്റി കരാർ ഏറ്റെടുത്തിട്ടുള്ളതിനാൽ യന്ത്ര സാമഗ്രികൾ ഇവിടെത്തന്നെയുണ്ട്. എത്രയും വേഗം പാലത്തിൽ ജോലികൾ തുടങ്ങാൻ കഴിയും. യുദ്ധകാലാടിസ്ഥാനത്തിൽ, ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറച്ച് പാലം പൊളിച്ചു പണിയുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.