ADVERTISEMENT

കൊച്ചി∙ പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം ഏതു ഘട്ടത്തിലെത്തിയെന്നു കോടതി ചോദിച്ചു. പുരോഗമിക്കുകയാണെന്നും കൂടുതൽ പ്രതികൾ ഉൾപ്പെടുമെന്നും മറുപടിയുണ്ടായി.

പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്. പാലം പണിക്കു മുൻകൂർ പണം അനുവദിക്കാൻ സർക്കാരാണു തീരുമാനിച്ചതെന്നും സർക്കാരിന്റെ ഉപകരണമെന്ന നിലയിൽ താൻ ഫയലുകളിൽ ഒപ്പിടുക മാത്രമാണു ചെയ്തതെന്നും ടി.ഒ. സൂരജിനു വേണ്ടി അഭിഭാഷകൻ ബോധിപ്പിച്ചു.

എന്തിനാണു പരസ്പരം പഴിചാരുന്നതെന്നു കോടതി ചോദിച്ചു. കുറ്റപ്പെടുത്തുകയല്ലെന്നും ഔദ്യോഗിക പദവിയുടെ ഭാഗമായി ചെയ്ത കാര്യമാണതെന്നും അഭിഭാഷകൻ പറഞ്ഞു. തീരുമാനങ്ങൾ സർക്കാരിന്റേതാണ്. താൻ അഴിമതി നടത്തിയിട്ടില്ലെന്നും നിർമാണത്തിനു മേൽനോട്ടം വഹിച്ചവരെ പ്രതിയാക്കിയിട്ടില്ലെന്നും ടി.ഒ. സൂരജ് വാദിച്ചു.

പാലംപണിക്ക് 8.25 കോടി രൂപ പലിശയില്ലാതെ മുൻകൂർ അനുവദിക്കാൻ അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണു തീരുമാനിച്ചതെന്നും പലിശ ഈടാക്കാൻ നിർദേശിച്ചതു താനാണെന്നും ടി.ഒ. സൂരജ് ഹർജിയിൽ പറഞ്ഞു. മറ്റു പ്രതികളായ ആർബിഡിസികെ മുൻ എജിഎം എം.ടി. തങ്കച്ചൻ, ആർഡിഎസ് എംഡി സുമിത് ഗോയൽ, കിറ്റ്കോ മുൻ ജനറൽ മാനേജർ ബെന്നി പോൾ എന്നിവരുടെ ജാമ്യ ഹർജികളും കോടതി പരിഗണിച്ചു. ഓഗസ്റ്റ് 30ന് അറസ്റ്റ് ചെയ്തതാണെന്നും രേഖകളും തെളിവുകളും വിജിലൻസ് ശേഖരിച്ചു കഴിഞ്ഞുവെന്നും ഇനിയും തടവിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നും തങ്കച്ചന്റെ അഭിഭാഷകൻ വാദിച്ചു. ഹർജികൾ 24നു പരിഗണിക്കാൻ മാറ്റി.

ആരോപണം നിഷേധിച്ച് ഇബ്രാഹിംകുഞ്ഞ്

തിരുവനന്തപുരം ∙ പാലാരിവട്ടം മേൽപാലം ക്രമക്കേടിൽ തനിക്കു പങ്കുണ്ടെന്ന ആരോപണം മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിഷേധിച്ചു.അറസ്റ്റിലായ പൊതുമരാമത്തു മുൻ സെക്രട്ടറി ടി.ഒ.സൂരജ് ആണ്  ആരോപണം ഉന്നയിച്ചത്. പാലം പണിയാൻ മുൻകൂർ പണം നൽകിയതിൽ തെറ്റില്ലെന്ന് ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. സാങ്കേതിക തകരാറാണു പാലത്തിനുള്ളതെന്നും തനിക്ക് ഉത്തരവാദിത്തം ഇല്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പലിശ ഈടാക്കാതെ നിർമാണ കമ്പനിയായ ആർഡിഎസിനു പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നാണു സൂരജിന്റെ നിലപാട്.

ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം തള്ളി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം∙ പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ടു മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരായ ടി.ഒ.സൂരജിന്റെ ആരോപണം ശരിയല്ലെന്ന് മു‌സ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ഇക്കാര്യം പാർട്ടി അന്വേഷിച്ചിരുന്നു. മുന്നിലെത്തിയ ഫയൽ അംഗീകരിക്കുക മാത്രമേ ഇബ്രാഹിംകുഞ്ഞ് ചെയ്തിട്ടുള്ളൂ. ഇബ്രാഹിംകുഞ്ഞിനു നിരപരാധിത്വം തെളിയിക്കാൻ പൂർണ പിന്തുണ നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിൽ അത്ഭുതപ്പെടുത്തുന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com