ADVERTISEMENT

കൊച്ചി ∙ മുത്തൂറ്റ് ഫിനാൻസ് ശാഖകളിൽ ജോലിക്കു തയാറായെത്തുന്ന ജീവനക്കാരെ തടസ്സപ്പെടുത്തിയാൽ പൊലീസ് ഇടപെട്ടു തടസ്സങ്ങൾ നീക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ശാഖകൾക്കു മുന്നിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള സമരക്കാരുടെ അവകാശത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.

മുത്തൂറ്റ് ഫിനാൻസിന്റെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, അത്താണി, വണ്ടൻമേട്, പച്ചാളം, തൊടുപുഴ, പൂഞ്ഞാർ, തൊടുപുഴ മങ്ങാട്ടുകവല, കട്ടപ്പന, കോട്ടയം ഇല്ലിക്കൽ ശാഖകൾക്കു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെ‍ഞ്ചിന്റെ ഉത്തരവ്. അനുരഞ്ജന ശ്രമങ്ങളിൽ പങ്കെടുക്കുന്ന കാര്യം മാനേജ്മെന്റ് ഉറപ്പാക്കണമെന്നു കോടതി വ്യക്തമാക്കി. ഓരോ ശാഖയിലും അതതു ശാഖയിലെ ജീവനക്കാരെ മാത്രമേ ജോലിക്കു നിയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.

ജോലിക്കു തയാറുള്ള തൊഴിലാളികളെ തടസ്സപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നു തൊഴിലാളി യൂണിയനുകൾ ബോധിപ്പിച്ചു. സർക്കാരിന്റെ അനുരഞ്ജന ശ്രമങ്ങളോടു മാനേജ്മെന്റ് സഹകരിക്കുന്നില്ലെന്നു സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. അനുരഞ്ജനം ആവശ്യപ്പെട്ടു മാനേജ്മെന്റ് നൽകിയ ഹർജിയിൽ കോടതി മധ്യസ്ഥത നിർദേശിച്ചതാണെന്നും അറിയിച്ചു.

അക്രമം തുടർന്നാൽ കേരളത്തിലെ എല്ലാ ശാഖയും പൂട്ടും: എം.ജി.ജോർജ് മുത്തൂറ്റ്

തിരുവനന്തപുരം∙ സിഐടിയു ആക്രമണം തുടർന്നാൽ കേരളത്തിലെ എല്ലാ ശാഖകളും വേണ്ടിവന്നാൽ പൂട്ടുമെന്നു മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ്. സിഐടിയുവിന് ഒരു കാരണവശാലും കീഴടങ്ങില്ല. 97% ബിസിനസും കേരളത്തിനു പുറത്താണ്. മറ്റൊരു സംസ്ഥാനത്തും ഈ പ്രശ്നമില്ല.

നിലവിലെ സാഹചര്യത്തിൽ യൂണിയൻ അനുവദിക്കാൻ കഴിയില്ല. ജീവനക്കാരുടെ എണ്ണത്തിന്റെ 20 ശതമാനമാണ് യൂണിയനുണ്ടാക്കാൻ വേണ്ടത്. 35,000 ജീവനക്കാരിൽ 7,000 പേർ വേണ്ടിടത്ത് 300 പേരിൽ താഴെ മാത്രമേയുള്ളൂ. മിനിമം വേതനം സംബന്ധിച്ച് കോടതിയിലുള്ള കേസിൽ സ്റ്റേയുള്ളതിനാൽ ഇടക്കാല ആശ്വാസമെന്ന നിലയിൽ താൽക്കാലിക വേതന വർധന വേണമെന്നാണ് തൊഴിൽമന്ത്രിയുടെ ആവശ്യം. വേതനം ഒട്ടും നൽകാതിരിക്കുന്ന സമയത്ത് മാത്രമാണ് ഇടക്കാല ആശ്വാസം നൽകുന്നത്. അത്തരമൊരു സ്ഥിതി നിലവിലില്ല.

ജീവനക്കാരെ സ്ഥലം മാറ്റിയെന്നതാണു മറ്റൊരു ആരോപണം. സ്ഥലംമാറ്റം മാനേജ്മെന്റിന്റെ വിവേചനാധികാരമാണ്. സ്ഥലംമാറ്റിയവരെ തിരികെകൊണ്ടുവന്നു. കൊടുക്കാൻ ബാക്കിയുണ്ടായിരുന്ന ആനുകൂല്യങ്ങളും നൽകി. എന്നിട്ടും പ്രശ്നം തുടരുകയാണ് – എം.ജി.ജോർജ് മുത്തൂറ്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com