ADVERTISEMENT

തിരുവനന്തപുരം∙ ഭവന-ഭൂരഹിതർക്കു വീടു നിർമിച്ചു നൽകുന്ന ലൈഫ് മിഷൻ പദ്ധതിയിൽ ഫിഷറീസ്, പട്ടിക ജാതി – വർഗ വിഭാഗങ്ങളിൽപെട്ടവർക്കു മാനദണ്ഡങ്ങളിൽ ഇളവു നൽകാൻ സർക്കാർ തീരുമാനം. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബത്തിന് ഒരു വീട്, ഗുണഭോക്താക്കൾക്ക് 25 സെന്റിൽ കൂടുതൽ ഭൂമിയുണ്ടാകരുത്  എന്നീ മാനദണ്ഡങ്ങളിലാണ്  ഇളവ് അനുവദിച്ചത്. ഒരേ വീട്ടിൽ കഴിയുന്ന വ്യത്യസ്ത കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാണു നടപടി.

ഒരേ റേഷൻ കാർഡിൽ ഉൾപ്പെട്ടു വ്യത്യസ്ത വീടുകളിൽ കഴിയുന്നവർ, ഒരേ വീട്ടിൽ താമസിച്ചു വെവ്വേറെ അടുക്കളകളിൽ ആഹാരം പാകം ചെയ്തു കഴിക്കുന്നവർ, വിവാഹം കഴിഞ്ഞ് ഒരു വർഷത്തിലേറെയായി സ്വന്തം വീടില്ലാത്തതു മൂലം മറ്റു വീടുകളിൽ അഭയം പ്രാപിച്ചവർ, ഇതേ കാരണത്താൽ തങ്ങളെ ആശ്രയിച്ചു കഴിയുന്നവരല്ലാത്ത മാതാപിതാക്കൾക്കൊപ്പം താമസിച്ചു വരുന്നവർ എന്നിവർക്ക് പദ്ധതിക്ക് അർഹതയുണ്ട്. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽപെട്ടവരെ വ്യത്യസ്ത കുടുംബങ്ങളായി പരിഗണിച്ചു  ഭവന നിർമാണത്തിന് ധനസഹായം നൽകാമെന്നു സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.

പുതുക്കിയ മാനദണ്ഡപ്രകാരം ഫിഷറീസ്, പട്ടിക ജാതി – വർഗ വകുപ്പുകൾ അതതു വകുപ്പുകളിലെ ഭവന-ഭൂരഹിതരിൽ അർഹതയുള്ള ഗുണഭോക്താക്കളുടെ പട്ടിക വീണ്ടും തയാറാക്കി ലൈഫ് മിഷനു കൈമാറും. രേഖകളുടെ അടിസ്ഥാനത്തിലുള്ള അർഹതാപരിശോധന ഈ മാസം 30നു പൂർത്തീകരിക്കാനാണു നിശ്ചയിച്ചിരുന്നതെങ്കിലും മാനദണ്ഡങ്ങളിൽ ഇളവു പ്രഖ്യാപിച്ച സാഹചര്യത്തിൽ നീട്ടിവച്ചേക്കും.

ലൈഫ് മിഷൻ പദ്ധതിപ്രകാരം വീടു നൽകുന്നതിനായി വിവിധ ജില്ലകളിലായി മുന്നൂറിലേറെ സ്ഥലങ്ങളാണു കണ്ടെത്തിയിരിക്കുന്നത്. ഒരു റേഷൻ കാർഡിന് ഒരു വീട് എന്ന മാനദണ്ഡപ്രകാരം 97,911 അപേക്ഷകർക്കു ഭവനത്തിന് അർഹതയുണ്ടെന്നു കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com