ADVERTISEMENT

തിരുവനന്തപുരം ∙ പത്തു വർഷം മുൻപുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മൂന്നാർ മേഖലയിൽ പട്ടയ വ്യവസ്ഥകൾ ലംഘിച്ച മുഴുവൻ ഭൂമിയുടെയും പട്ടയം റദ്ദാക്കി സർക്കാർ ഉടമസ്ഥതയിലാക്കാൻ നടപടി ആരംഭിച്ചു. ഇടുക്കി ജില്ലയിലും പിന്നീടു കേരളം മുഴുവനും ബാധകമാക്കാനിടയുള്ള ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പട്ടയം റദ്ദാക്കി സർക്കാർ ഏറ്റെടുക്കുന്ന ഭൂമി ആവശ്യമെങ്കിൽ ഉടമകൾക്കു പാട്ടവ്യവസ്ഥയിൽ തിരികെ നൽകും. പക്ഷേ അതിനു കമ്പോള വില അനുസരിച്ചുള്ള പാട്ടം നൽകണം.

പട്ടയ വ്യവസ്ഥ ലംഘിച്ചു കെട്ടിടങ്ങൾ പണിയുകയോ കൃഷി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്ത നൂറുകണക്കിന് ഏക്കർ ഭൂമിയുടെ പട്ടയമാണ് വൈകാതെ റദ്ദാക്കുന്നത്. ഭൂമി സർക്കാരിന്റെ സ്വന്തമാകും. 15 സെന്റിൽ കുറവും 1500 ചതുരശ്രയടി വിസ്തീർണവുമുള്ള കെട്ടിടങ്ങളെ മാത്രമാണു വ്യവസ്ഥകൾക്കു വിധേയമായി  ഒഴിവാക്കുക. വേറെ ഭൂമിയില്ലെന്നും കെട്ടിടം വീടാണെന്നും തെളിയിക്കണം. വീടല്ലെങ്കിൽ ഏക ഉപജീവന മാർഗമായിരിക്കണം.

1964ലെ ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയാണ് പട്ടയം റദ്ദാക്കി ഏറ്റെടുക്കുക. പാട്ടം നിശ്ചയിച്ചു തിരികെ നൽകുന്നതിന്റെ വ്യവസ്ഥകൾ പഠിക്കാൻ ഉന്നതതല സമിതിയെ ഉടൻ നിയമിക്കും. 2010 ജനുവരി 21ന് ഇറങ്ങിയ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവ് (ജിഒ 269/2019). ‘വൺ എർത്ത് വൺ ലൈഫ്’ എന്ന സന്നദ്ധ സംഘടനയുടെ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഇടുക്കി ജില്ലയിൽ നടപ്പാക്കുന്ന ഈ ഉത്തരവ് നീണ്ട നിയമ യുദ്ധങ്ങൾക്കു വഴി തുറക്കും. ആരെങ്കിലും കോടതിയെ സമീപിച്ചാൽ ഇതേ വ്യവസ്ഥയനുസരിച്ചു സംസ്ഥാനത്തൊട്ടാകെ നൽകിയ മുഴുവൻ  പട്ടയങ്ങളും റദ്ദാക്കേണ്ടി വരും. കൃഷി ആവശ്യത്തിനു മാത്രം എന്ന വ്യവസ്ഥയിൽ നൽകിയ ഭൂമിയിൽ വ്യവസ്ഥ ലംഘിച്ചാണ് മൂന്നാറിൽ ഒട്ടേറെ ഹോട്ടലുകളും റിസോർട്ടുകളും ഉയർന്നത്. പല വസ്തുക്കളും കൈമറിഞ്ഞു പോയി. വൻ വില കൊടുത്തു വാങ്ങിയവർ ഇനി കമ്പോള വില അനുസരിച്ച് സർക്കാർ നിശ്ചയിക്കുന്ന പാട്ടത്തുക നൽകണം. കമ്പോള വില വാങ്ങണോ ന്യായവില വാങ്ങണോ അതോ നാമമാത്ര പാട്ടം മതിയോ എന്നതു സംബന്ധിച്ചു തർക്കമുണ്ട്.

ഇടുക്കി ജില്ലയിൽ കയ്യേറ്റ ഭൂമിയിൽ നിർമിച്ച അനധികൃത കെട്ടിടങ്ങൾ മുഴുവൻ  സർക്കാർ ഏറ്റെടുത്തു പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഇതിന്റെ പട്ടിക തയാറാക്കാൻ കലക്ടർക്കു നിർദേശം നൽകി. പട്ടയവ്യവസ്ഥ ലംഘിച്ചു ഭാവിയിൽ ഒരു കെട്ടിടത്തിനും അനുമതി നൽകില്ല. ജില്ലയിൽ അനുമതി കാത്തിരിക്കുന്ന ഒട്ടേറെ പദ്ധതികളെ ഉത്തരവ് ബാധിക്കും.

നടപടിക്രമങ്ങൾ

∙ പതിവു ചട്ടപ്രകാരം പട്ടയം ലഭിച്ചവർ പട്ടയ വ്യവസ്ഥ ലംഘിച്ചതിന്റെ കണക്കുകൾ ശേഖരിക്കും.

∙ ഓഗസ്റ്റ് 22നുശേഷമുള്ള ഒരു നിർമാണവും പാട്ട വ്യവസ്ഥയ്ക്കായി പരിഗണിക്കില്ല.

∙ രവീന്ദ്രൻ പട്ടയം അനധികൃതമോ എന്നു പഠിക്കാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചു.

∙ മൂന്നാറിൽ ഇനി നിർമാണം നടത്താൻ വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വേണം. ഇതു വ്യവസ്ഥ ചെയ്തുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് ഉടനെ ഇറങ്ങും.

∙ മൂന്നാറിൽ പുതിയ ടൗൺ പ്ലാനിങ് പദ്ധതി ആറു മാസത്തിനകം നിലവിൽ വരും. വട്ടവട,ചിന്നക്കനാൽ പ്രദേശങ്ങളെ ഒഴിവാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com