ADVERTISEMENT

കൊല്ലം ∙ ഒരു ലോട്ടറി ടിക്കറ്റിൽ നിന്ന് 6 കോടീശ്വരന്മാരെ സൃഷ്ടിച്ച് ഓണം ബംപർ. 12 കോടി രൂപ ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ 6 ജീവനക്കാർ ചേർന്നെടുത്ത TM160869 നമ്പർ ടിക്കറ്റിന്. ഓണം ബംപർ വിജയികളായി ആറു പേരെത്തുന്നത് അപൂർവം.

തൃശൂർ പറപ്പൂർ പുത്തൂർ വീട്ടിൽ പി.ജെ. റോണി, അന്നമനട കരോട്ടപുറം വീട്ടിൽ സുബിൻ തോമസ്, ചവറ വടക്കുംഭാഗം രതീഷ് ഭവനത്തിൽ ആർ.രതീഷ് കുമാർ, ചവറ തോട്ടിനുവടക്ക് രാജീവം വീട്ടിൽ പി.രാജീവൻ, ശാസ്താംകോട്ട ശാന്തിവിലാസം രംജിൻ ജോർജ്, വൈക്കം അംബികാ മാർക്കറ്റ് കുന്തത്തിൽചിറയിൽ കെ.എ.വിവേക് എന്നിവരാണു ഭാഗ്യവാന്മാർ. രണ്ടു ടിക്കറ്റുകളാണ് ഇവർ വാങ്ങിയത്. ഒരാൾക്ക് ചെലവ് 100 രൂപ മാത്രം.

കമ്മിഷനും നികുതിയും കിഴിച്ച് 7.56 കോടി രൂപ ഇവർക്കു ലഭിക്കും. കായംകുളം ശ്രീമുരുക ലോട്ടറി ഏജന്റ് പി.ശിവൻകുട്ടിയിൽ നിന്നു ടിക്കറ്റ് വാങ്ങി വിൽപന നടത്തിയ കരുനാഗപ്പള്ളി മരുതൂർകുളങ്ങര തയ്യിൽ വീട്ടിൽ എസ്.സിദ്ദിഖിൽ നിന്നാണ് ഇവർ ടിക്കറ്റ് വാങ്ങിയത്. ഏജന്റിനും വിൽപനക്കാരനുമായി 1.20 കോടി രൂപ കമ്മിഷൻ ലഭിക്കും.

ചൊവ്വാഴ്ച രാത്രി ജ്വല്ലറി അടച്ച ശേഷം റോണിയും വിവേകും ചേർന്നാണു ടിക്കറ്റുകൾ വാങ്ങിയത്. ആദ്യം മറ്റൊരാൾ കൂടിയാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. പിന്നീട് 3 പേർ കൂടി ചേർന്നു. തുകയിൽ ഒരു പങ്ക് സന്നദ്ധ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും. ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു.

സമാശ്വാസ സമ്മാനമായി 9 പേർക്ക് 5 ലക്ഷം രൂപ വീതം ലഭിക്കും. രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം വീതം 20 പേർക്കുമാണ്. പാലക്കാട് ജില്ലയിൽ വിറ്റ 3 ടിക്കറ്റുകൾക്ക് രണ്ടാം സമ്മാനമുണ്ട്.

36 കോടി ! സർക്കാരിനും ലോട്ടറി

തിരുവനന്തപുരം ∙ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയോടെ ഇറക്കിയ ഓണം ബംപറിന്റെ അച്ചടിച്ച 46 ലക്ഷം ടിക്കറ്റും വിറ്റുപോയി; സർക്കാരിന്റെ ലാഭം 36 കോടി രൂപ. സമ്മാനങ്ങൾക്കായുള്ള ചെലവ് 50 കോടി; ജിഎസ്ടി 15 കോടി. 300 രൂപയായിരുന്നു ടിക്കറ്റ് വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com