ADVERTISEMENT

തിരുവനന്തപുരം/ കൊച്ചി∙ പാലാരിവട്ടം പാലം നിർമാണത്തിന്റെയും പണം അനുവദിച്ചതിന്റെയും രേഖകൾ ഇതു സംബന്ധിച്ച ഉത്തരവുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി വിജിലൻസ് ശേഖരിച്ചു. വിജിലൻസ് മേധാവി അനിൽകാന്ത് ചീഫ് സെക്രട്ടറിക്കു കത്തു നൽകും. വിജിലൻസ് പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടറുടെ റിപ്പോർട്ടും എഡിജിപി ആവശ്യപ്പെട്ടു.

അന്വേഷണ ഉദ്യോഗസ്ഥരായ എസ്പി വിനോദ് കുമാർ, ഡിവൈഎസ്പി അശോക് കുമാർ എന്നിവരെ വിജിലൻസ് ആസ്ഥാനത്തെ ഉന്നതതല യോഗത്തിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഐജി എച്ച്. വെങ്കിടേഷും യോഗത്തിൽ പങ്കെടുത്തു. ഇതോടെ ഉടൻ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന അഭ്യൂഹം പരന്നു.

തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിൽ നിന്ന് ഇന്നലെ രാവിലെ എറണാകുളത്ത് എത്തിയ ഇബ്രാഹിം കുഞ്ഞ് പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘത്തോടൊപ്പം സ്വന്തം നിയോജക മണ്ഡലത്തിന്റെ ഭാഗമായി കുന്നുകരയിൽ എത്തി. പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾ വന്ന ശേഷമാണ് അദ്ദേഹം കുന്നുകര വിട്ടത്.

കേസിൽ മുൻ പൊതുമരാമത്തു സെക്രട്ടറി ടി.ഒ.സൂരജിന്റെയും മറ്റു പ്രതികളായ നിർമാണക്കരാർ കമ്പനി എംഡി സുമിത് ഗോയൽ, ആർബിഡിസികെ അഡീ. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരുടെയും റിമാൻഡ് വിജിലൻസ് കോടതി ഒക്ടോബർ 3 വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി 24നു പരിഗണിക്കും.

ഓഗസ്റ്റ് 30നാണു പ്രതികളെ വിജിലൻസ് എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. തുടർന്ന് വിജിലൻസ് കോടതി ഇവരെ സെപ്റ്റംബർ 2 വരെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം 5 ന് വിജിലൻസ് ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇന്നലെ വരെ ആദ്യം റിമാൻഡ് ചെയ്തത്. ഇതിനിടെ മൂവാറ്റുപുഴ വിജിലൻസ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. പ്രതികൾ കഴിഞ്ഞ 21 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com