ADVERTISEMENT

തിരുവനന്തപുരം ∙ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവിൽ ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന എല്ലാ ക്വാറികളും ഉടൻ അടച്ചുപൂട്ടാൻ സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ ഉത്തരവിട്ടു. സംസ്ഥാനത്തെ 60% ഖനന പ്രവർത്തനവും ഇപ്രകാരം 10 കിലോമീറ്റർ ചുറ്റളവിലാണ്. ഇതിലൊരു ക്വാറിക്കു പോലും ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയില്ല. ഈ ദൂരപരിധിയിൽ എത്ര ക്വാറികളുണ്ടെന്നു വനം വകുപ്പിനും ജിയോളജി വകുപ്പിനും കൃത്യം വിവരമില്ല; മുന്നൂറിലേറെയെന്നാണ് ഏകദേശ കണക്ക്.

ദേശീയ വന്യജീവി ബോർഡിന്റെ അനുമതി നിർബന്ധമാണെന്നു ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനുമതിയില്ലാത്ത ക്വാറികളുടെ പ്രവർത്തനം ഉടൻ നിർത്തണമെന്നും അല്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും ചീഫ് വൈൽഡ്‌ലൈഫ് വാർഡനുമായ സുരേന്ദ്രകുമാർ ഡയറക്ടറോടു രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്വാറികളുടെ അതിർത്തി വ്യക്തമാക്കുന്ന ഭൂപടം നൽകാനാണു ഡയറക്ടർ തിരിച്ച് ആവശ്യപ്പെട്ടത്.

ക്വാറി ഉടമകളുമായുള്ള സർക്കാരിന്റെ ഈ ഒത്തുകളി ‘മലയാള മനോരമ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതോടെയാണു ഡയറക്ടർ തിരക്കിട്ട് ഉത്തരവിറക്കിയത്. നിർദേശം എല്ലാ ജില്ലാ ജിയോളജിസ്റ്റുകൾക്കും രേഖാമൂലം നൽകി. വനത്തിൽ നിന്നു 10 കിലോമീറ്റർ വരെ ദൂരത്തിൽ ഖനനം പാടില്ലെന്നു വനം വകുപ്പും നിർദേശിച്ചിട്ടുണ്ടെന്നു കത്തിൽ പറയുന്നു.

ക്വാറികളുടെ അതിർത്തി സംബന്ധിച്ച വിശദീകരണം വനം ഉദ്യോഗസ്ഥനിൽ നിന്നു ശേഖരിക്കണം. മറുപടി കിട്ടിയില്ലെങ്കിൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ അതിർത്തി കണക്കാക്കി തുടർനടപടിയെടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com