ADVERTISEMENT

പാലാ ∙ ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്താൻ ബിജെപി തയാറാണെന്നും കോടതിയിലുള്ള കേസായതിനാൽ ഇപ്പോൾ അതേക്കുറിച്ചു പറയാനാവില്ലെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. എല്ലാ വിഷയങ്ങളും ലോക്സഭയിൽ അവതരിപ്പിക്കുന്ന കോൺഗ്രസ് രാജ്യസഭയിൽ ഇക്കാര്യം അവതരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും മുരളീധരൻ ചോദിച്ചു. കോൺഗ്രസ് വിശ്വാസികളെ കബളിപ്പിക്കുകയാണ്.

ശബരിമലയിലെത്തുന്ന വി‌ശ്വാസികൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് വിമാനത്താവളം വരുന്നതിൽ എതിർപ്പില്ല. വനഭൂമി കയ്യേറിയവരെ സഹായിക്കാനാണെങ്കിൽ അനുവദിക്കില്ല. സർക്കാർ ഭൂമി സർക്കാർ തന്നെ വിലകൊടുത്തു വാങ്ങിയാൽ സംസ്ഥാനത്തെ 5 ലക്ഷത്തോളം കയ്യേറ്റഭൂമി സർക്കാരിനു നഷ്ടമാകും. ഇപ്പോൾ തീരുമാനിച്ച സ്ഥലം സർക്കാർ ഭൂമിയാണ്. ഇത് പിടിച്ചെടുത്ത് വിമാനത്താവളം പണിയുന്നതിൽ എതിർപ്പില്ല.

എൽഡിഎഫ് ഭരണത്തിൽ സംഘടിത അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ കണക്കുകൾ സിഎജി ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അതിനു തെളിവാണ്. 

ഇരട്ടത്താപ്പുകളുടെ അപ്പസ്തോലനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മുരളീധരൻ പറഞ്ഞു. കോടതിവിധികളെ‍ പല രീതിയിലാണ് കാണുന്നത്. സഭാതർക്കം വരുമ്പോൾ അനുനയം, ശബരിമല വിഷയം വരുമ്പോൾ കോടതിവിധി, ഫ്ലാറ്റ് വിഷയത്തിൽ അഭിപ്രായ സമന്വയം. ഇതെല്ലാം കഴിഞ്ഞ് സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്നും പറയും.  

മരടിൽ ഫ്ലാറ്റ് നിർമാണം നടത്തിയവരെയാണ് ആദ്യം പ്രതി ചേർക്കേണ്ടത്. പാലാരിവട്ടം പാലം നിർമാണ അഴിമതിയിലെ മുഴുവൻ പേരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ സർക്കാർ തന്റേടം കാണിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com