ADVERTISEMENT

തിരുവനന്തപുരം/ കൊച്ചി∙ പാലാരിവട്ടം മേൽപാലം നിർമാണത്തിൽ അഴിമതി കാട്ടിയെന്ന കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വീണ്ടും വിശദമായി ചോദ്യംചെയ്യും. കരാറുകാർക്കു മുൻകൂർ പണം കൊടുക്കാൻ തീരുമാനിച്ചതു മന്ത്രിയാണെന്ന് മുൻ മരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയ ഉദ്യേഗസ്ഥരെയും ചോദ്യംചെയ്യും.

വിജിലൻസ് ആസ്ഥാനത്ത് എഡിജിപി എസ്. അനിൽകാന്തിന്റെ സാന്നിധ്യത്തിൽ ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണു തീരുമാനം. ഇതുവരെ ശേഖരിച്ച തെളിവുകൾ യോഗം വിലയിരുത്തി. കേസിൽ എടുത്തുചാടി അറസ്റ്റ് വേണ്ടെന്നും അതു രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയെന്ന ആരോപണം ഉയർത്തുമെന്നും അന്വേഷണസംഘം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചു. എന്നാൽ, കേസിൽ സർക്കാർ ഇടപെടൽ ഉണ്ടായാൽ അറസ്റ്റ് വൈകാനും ഇടയില്ലെന്ന് ഉന്നതർ പറഞ്ഞു.

നാലാം പ്രതി ടി.ഒ. സൂരജിന്റെ റിമാൻഡ് കാലാവധി പുതുക്കാൻ ഇന്നലെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇബ്രാഹിംകുഞ്ഞിനെതിരായ പരാമർശം നടത്തിയത്. പാലം നിർമാണക്കരാർ ഏറ്റെടുത്ത ആർഡിഎസ് പ്രോജക്ട്സിനു പലിശയില്ലാതെ 8.25 കോടി രൂപ മുൻകൂർ നൽകാൻ ശുപാർശ ചെയ്തതു നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണെന്നും ഉത്തരവിട്ടതു മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നും സൂരജ് പറഞ്ഞു. കരാർ കമ്പനിയിൽ നിന്നു 7% പലിശ ഈടാക്കണമെന്ന തന്റെ നിർദേശം മന്ത്രി തള്ളി. ഇക്കാര്യങ്ങൾ ഫയലിൽ എഴുതി മന്ത്രി ഒപ്പുവച്ചതിനു തെളിവുണ്ടെന്നും ടി.ഒ സൂരജ് പറഞ്ഞു.

നേരത്തെ ചോദ്യം ചെയ്തപ്പോൾ ഇബ്രാംഹിംകുഞ്ഞ് നൽകിയ മൊഴിയിൽ അന്വേഷണ സംഘം പൊരുത്തക്കേടു കണ്ടെത്തിയിരുന്നു. അക്കാര്യത്തിലും അദ്ദേഹം വിശദീകരണം നൽകേണ്ടി വരും. ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകൾ കിട്ടിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com