sections
MORE

തീ കൊളുത്തുന്നതിന്റെ തലേരാത്രി രാജേഷ് പറഞ്ഞു: ‘ജീവിക്കാൻ അവർ സമ്മതിക്കില്ല’

rajesh-wife
രാജേഷിന്റെ മൃതദേഹത്തിന് സമീപം ഭാര്യ രജിഷ.
SHARE

കോഴിക്കോട് ∙ ‘ജീവിക്കാൻ അവർ സമ്മതിക്കില്ല, ഒന്നുകിൽ അവരെന്നെ കൊല്ലും, അല്ലെങ്കിൽ നമ്മൾ പട്ടിണി കിടന്നു മരിക്കും – തീ കൊളുത്തുന്നതിന്റെ തലേരാത്രിയിലും രാജേഷേട്ടൻ എന്നോടു പറഞ്ഞു’ – സിപിഎം, സിഐടിയു പ്രവർത്തകരുടെ തൊഴിൽവിലക്കിലും മർദനത്തിലും മനംനൊന്ത് ജീവനൊടുക്കിയ ഭർത്താവിന്റെ ഓർമകളിൽ രജിഷ വിതുമ്പി. 

‘ബാങ്കിൽ നിന്നു വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയിട്ട് മൂന്നു മാസമായി. പക്ഷേ ഒരു ദിവസം പോലും ജോലി ചെയ്യാൻ അവർ സമ്മതിച്ചില്ല. ഓട്ടോ സ്റ്റാൻഡിൽ വാഹനമിടാൻ അനുവദിച്ചില്ലെന്നു മാത്രമല്ല, ആ ഓട്ടോയിൽ കയറരുതെന്നു വീടിനടുത്തുള്ളവരെ വിലക്കുകയും ചെയ്തു.’ – രജിഷ പറയുന്നു.  

ദേഹത്തു പെട്രോൾ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഓട്ടോ ഡ്രൈവർ എലത്തൂർ എസ്.കെ.ബസാർ നാലൊന്നുകണ്ടി രാജേഷ് (43) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണു മരിച്ചത്. മർദനത്തിൽ ആന്തരികായവങ്ങൾക്കു ക്ഷതമേറ്റതാണു മരണകാരണമെന്നാണു ബിജെപി പ്രവർത്തകരുടെ ആരോപണം. 

rajesh-auto-driver
രാജേഷ്

15നാണ് എലത്തൂർ കോട്ടേടത്തു ബസാറിൽ ഒരു സംഘം സിപിഎം, സിഐടിയു പ്രവർത്തകർ രാജേഷിനെ മർദിച്ചത്. ഇതിനു പിന്നാലെ രാജേഷ് ഓട്ടോയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ സിപിഎം മുൻ പഞ്ചായത്തംഗവും സിഐടിയു യൂണിറ്റ് സെക്രട്ടറിയുമടക്കം 4 പേർ ഇതുവരെ അറസ്റ്റിലായി. 2 പേരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

‘ജീവിക്കാൻ അവർ സമ്മതിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു മരിക്കാൻ തീരുമാനിച്ചതെന്ന് ആശുപത്രിക്കിടക്കയിൽ രാജേഷേട്ടൻ എന്നോടു പറഞ്ഞു. ഭാര്യയെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കടലിൽ നിന്നു കല്ലുമ്മക്കായ ശേഖരിച്ചു വിൽക്കുന്ന പണിയായിരുന്നു ആദ്യം. ഇതിൽ നിന്നു കാര്യമായ വരുമാനമില്ലാതായതോടെ 3 മാസം മുൻപ് ബാങ്കിൽ നിന്നു 1.5 ലക്ഷം രൂപ വായ്പയെടുത്ത് ഓട്ടോ വാങ്ങി. എന്നാൽ സിഐടിയുവിൽ അംഗത്വം എടുക്കാതെ സ്റ്റാൻഡിൽ പ്രവേശിപ്പിക്കില്ലെന്നു നേതാക്കൾ പറഞ്ഞു. 

മൂന്നു സ്ഥലത്തു മാറി മാറി ഓട്ടോയിട്ടെങ്കിലും അവിടെ നിന്നെല്ലാം പുറത്താക്കി. എങ്കിലും ചില പരിചയക്കാരൊക്കെ ഓട്ടം വിളിക്കുമായിരുന്നു. അങ്ങനെ പോകുമ്പോൾ സിഐടിയു അംഗങ്ങളായ ഓട്ടോ ഡ്രൈവർമാർ റോഡിൽ ഓട്ടോറിക്ഷകൾ കുറുകെയിട്ടു വണ്ടി തടയും. ഇതിനു പുറമെയായിരുന്നു കൊല്ലുമെന്ന ഭീഷണി.’– രജിഷ പറഞ്ഞു.

പുതിയങ്ങാടി സ്വദേശിയായ രജിഷ എട്ടുവർഷം മുൻപാണു രാജേഷിന്റെ ജീവിതത്തിലേക്കു വന്നത്. എസ്കെ ബസാറിനു സമീപത്തുള്ള ഓടു മേഞ്ഞ കൊച്ചുവീട്ടിൽ ഇനി രജിഷ തനിച്ചാണ്. ‘ആരെയും ബുദ്ധിമുട്ടിക്കാതെ ജോലി ചെയ്തു ജീവിക്കണമെന്നു മാത്രമല്ലേ രാജേഷട്ടൻ ആഗ്രഹിച്ചുള്ളു’വെന്നു അകത്തെ ഇരുട്ടുവീണ മുറിയിൽ തന്നെ കാണാനെത്തുന്നവരോടൊക്കെ  രജിഷ ചോദിച്ചുകൊണ്ടേയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA