ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്തു തീരദേശ പരിപാലനച്ചട്ടം ലംഘിച്ചു നിർമിച്ച മുഴുവൻ കെട്ടിടങ്ങളുടെയും വിവരം സർക്കാർ സുപ്രീം കോടതിക്കു കൈമാറണമെന്ന ആവശ്യവുമായി മരടിലെ ഫ്ലാറ്റ് ഉടമകൾ. ഇതു സംബന്ധിച്ച ധവളപത്രം പുറപ്പെടുവിക്കണമെന്നും മരട് ഭവന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

‘‘സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം 1991 മുതൽ 2019 ഫെബ്രുവരി 25 വരെ കേരളത്തിലെ തീരദേശ പഞ്ചായത്തുകളിൽ 200 മീറ്റർ ദൂരപരിധിക്കുള്ളിൽ നിർമിച്ചിട്ടുള്ള കെട്ടിടങ്ങളെല്ലാം അനധികൃതമാണ്. ഇത്തരത്തിൽ നിർമിച്ചവയിൽ വൻകിട ഹോട്ടലുകൾ ഉൾപ്പെടെയുണ്ട്. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കണം. അതോടൊപ്പം ഹൈക്കോടതി ഉത്തരവിലൂടെ തീരദേശ പരിപാലന ചട്ടത്തിലെ ലംഘനങ്ങൾ ക്രമവൽക്കരിച്ചിട്ടുള്ളതും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടില്ലാത്തതുമായ കെട്ടിടങ്ങളുടെ വിവരങ്ങളും കോടതിക്കു കൈമാറണം.

2016ൽ പാർലമെന്റ് പാസാക്കിയ ഡിമോളിഷൻ ആക്ടും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തയാറാക്കിയ മാർഗ നിർദേശങ്ങളും അനുസരിച്ചു മാത്രമേ കെട്ടിടം പൊളിക്കാനാവൂ എന്നും സമയം വേണ്ടിവരുമെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിക്കണം. താമസക്കാരെ ഒഴിപ്പിക്കാൻ നിയമപരമായ നടപടികൾ പാലിക്കാതെ പെട്ടെന്നു നോട്ടിസ് നൽകി ഒഴിപ്പിക്കുന്നതും നിയമ ലംഘനമാണ്. ഇതും സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം.

‘‘കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്കെല്ലാം കൂട്ടുനിന്നതു തീരദേശ പരിപാലന അതോറിറ്റിയാണ്. സർക്കാർ അംഗീകാരത്തിന്റെ രേഖകൾ വിശ്വസിച്ചാണ് ഫ്ലാറ്റുകൾ വാങ്ങിയത്. ഞങ്ങളെ പറ്റിച്ച ബിൽഡർമാർക്കും അവർക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും തീരദേശ പരിപാലന അതോറിറ്റി അധികൃതർക്കും എതിരെ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ തയാറാവണം. 

കിടപ്പാടം നഷ്ടമാകുന്ന സാഹചര്യം വന്നാൽ ഞങ്ങളും ബിൽഡർമാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കും’’– മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ ഷംസുദീൻ കരുനാഗപ്പള്ളിയും ഫ്ലാറ്റ് ഉടമകളുടെ പ്രതിനിധികളും പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com