ADVERTISEMENT

തിരുവനന്തപുരം/കൊച്ചി ∙ സുപ്രീം കോടതിയിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ, മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായ നടപടികളിലേക്കു കടക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഫ്ലാറ്റിലേക്കുള്ള വെള്ളം, വൈദ്യുതി കണക്‌ഷനുകൾ ഉടൻ വിച്ഛേദിക്കാൻ ജലഅതോറിറ്റിക്കും കെഎസ്ഇബിക്കും സർക്കാർ നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് നിർണായക തീരുമാനമെടുത്തത്. ഇത് 3 ദിവസത്തിനകം നടപ്പാക്കാൻ മരട് നഗരസഭാ സെക്രട്ടറി നോട്ടിസ് നൽകി. പാചകവാതക കണക്‌ഷൻ വിച്ഛേദിക്കാൻ എണ്ണക്കമ്പനികൾക്കു കത്തു നൽകും. 

പൊളിക്കൽ നടപടികളുടെ പൂർണചുമതലകൾ നിർവഹിക്കാൻ ഐഎഎസ്  ഉദ്യോഗസ്ഥനെ നിയമിച്ചു. ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനെയാണു നിയമിച്ചത്. ഇന്നുതന്നെ ചുമതലയേൽക്കും. ഫ്ലാറ്റ് വാങ്ങിയവരെ വഞ്ചിച്ച നിർമാതാക്കൾക്കെതിരെ കേസെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു സർക്കാർ നിർദേശം നൽകി. തീരപരിപാലന നിയമം ലംഘിച്ചു മരട് നഗരസഭയിൽ പണിത കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാനുള്ള നടപടികളും ആരംഭിച്ചു. 1991 മുതലുള്ള നിർമാണങ്ങളിൽ നിയമ ലംഘനം ഉള്ളവയുടെ പട്ടികയാണു തയാറാക്കുന്നത്. 

ഈ നടപടികളെല്ലാം ഉൾപ്പെടുത്തി ഇന്നുതന്നെ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ മുഖേന സുപ്രീം കോടതിയിൽ അടിയന്തര സത്യവാങ്മൂലം നൽകും. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനു മുന്നോടിയായാണ് നടപടികൾ.

ഫ്ലാറ്റ് പൊളിക്കുന്നതിനു മുൻപ് താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടിയെന്ന നിലയിലാണ് വെള്ളവും വെളിച്ചവും തടയുന്നത്. താമസക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് ഒഴിവാക്കാനാണിത്.സുപ്രീം കോടതിയിൽ സംഭവിച്ച കാര്യങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തിൽ വിശദീകരിച്ചു. നിയമപരമായി ഇനി വലിയ സാധ്യതകളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയുടെ അന്തിമവിധി വന്നശേഷം തീരുമാനമെടുക്കുമെന്നായിരുന്നു തിങ്കളാഴ്ച മന്ത്രി എ.സി. മൊയ്തീൻ ഉൾപ്പെടെ പറഞ്ഞിരുന്നത്. എന്നാൽ അടിയന്തര നടപടികളെടുത്ത് അവ പുതിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താനാണ് സുപ്രീം കോടതിയിൽ ഹാജരായ ശേഷം ഹരീഷ് സാൽവെ ഉൾപ്പെടെയുള്ളവർ നിർദേശിച്ചത്.

snehil-kumar
സ്നേഹിൽ കുമാർ

ഉടമകളുടെ ഹർജികൾ െഹെക്കോടതി  തള്ളി

കൊച്ചി ∙ സുപ്രീം കോടതി പൊളിക്കാൻ പറ‍ഞ്ഞ മരട് ഫ്ലാറ്റുകളിൽ നിന്നുള്ള ഒഴിപ്പിക്കൽ നോട്ടിസിനെതിരെ താമസക്കാർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. നിയമം ലംഘിച്ചവർക്കെതിരെയുള്ള കാഹളധ്വനിയാണു സുപ്രീം കോടതി വിധിയെന്നു കോടതി പരാമർശിച്ചു. 

നിർമാണം അനധികൃതമല്ലേയെന്നു വാദത്തിനിടെ കോടതി ചോദിച്ചു. നിർമാണം നിയമപ്രകാരമല്ലെന്ന് അറിഞ്ഞിട്ടും റഗുലറൈസ് ചെയ്യാനാകുമെന്നു കരുതിയതാണു പ്രശ്നം. സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയുന്ന ഹർജിക്കാർക്ക് അതിനെതിരെ എങ്ങനെ നിലകൊള്ളാനാകും? ബിൽഡർമാരുടെ പക്കൽ നിന്നു നഷ്ടപരിഹാരം തേടാമെന്നു സുപ്രീം കോടതി പറഞ്ഞിട്ടില്ലേ എന്നും ചോദിച്ചു. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com