ADVERTISEMENT

പാലാ ∙ പലവട്ടം ഉയർന്നു ചാടിയിട്ടും സ്മാഷ് മിസ്സായിപ്പോയ വോളിബോൾ താരത്തിന്റെ മനസ്സായിരുന്നു മാണി സി. കാപ്പനും. പാലാ നിയോജകമണ്ഡലം തിരഞ്ഞെടുപ്പിൽ മുൻപു മൂന്നുവട്ടം നഷ്ടമായ വിജയം ഇപ്പോഴിതാ അത്യുജ്വലമായൊരു സ്മാഷ് പോലെ കാപ്പൻ പേരിലാക്കിയിരിക്കുന്നു. തോൽവികളുടെ മൈതാനത്തുനിന്ന് വിജയാകാശത്തേക്ക് ഉയർന്നുപൊങ്ങി ആത്മവിശ്വാസത്തിന്റെ കരുത്തൻ സ്മാഷ്!

1973 മുതൽ 1977 വരെ കാലിക്കറ്റ് സർവകലാശാല വോളിബോൾ താരമായിരുന്നു, കോളജിൽ പഠിച്ച കാലത്ത് മാണി സി. കാപ്പൻ. 1976ൽ കാലിക്കറ്റ് സർവകലാശാല ക്യാപ്റ്റനായി. അതുവഴി ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം വരെയെത്തി. ഇതിഹാസവോളി താരം ജിമ്മി ജോർജ് ഉൾപ്പെടെയുള്ളവർക്കൊപ്പം കളിച്ചിട്ടുണ്ട് കാപ്പൻ. കളിക്കുന്ന കാലത്ത് അറ്റാക്കർ ആയിരുന്നു കാപ്പന്റെ പൊസിഷൻ.

mani-c-kappan-9
മാണി സി. കാപ്പൻ. 1976ലെ ചിത്രം. (ഫയൽ)

ഏതു നിമിഷാ‍ർധത്തിലും നെറ്റിനു മുകളിലുയർന്ന് എതിരാളിയുടെ നെഞ്ചുപിടയ്ക്കുന്ന സ്മാഷുകൾക്കു വിദഗ്ധനായിരുന്നു കാപ്പനെന്ന് അക്കാലത്തു കളി കണ്ടവരുടെ അനുഭവസാക്ഷ്യം. കേരളത്തിൽ ടൈറ്റാനിയം വോളിബോൾ ടീം രൂപീകരിക്കാൻ മുൻകൈയെടുത്തവരിൽ പ്രധാനിയും കാപ്പനായിരുന്നു. പക്ഷേ, ആ ടീമിൽ കളിക്കാൻ അവസരമുണ്ടായില്ല. അതേസമയം, കെഎസ്ഇബി താരമായി തിളങ്ങി. ഐപിഎൽ ക്രിക്കറ്റും ഐഎസ്എൽ ഫുട്ബോളും പ്രഫഷനൽ താരങ്ങളെ വൻവിലയ്ക്കു സ്വന്തമാക്കുന്നതിനു പതിറ്റാണ്ടുകൾക്കും മുൻപേ, രാജ്യാന്തര പ്രഫഷനൽ താരമായിരുന്നു കാപ്പൻ.

1979 മുതൽ അബുദാബിയിലെ വോളി ക്ലബ്ബിനു വേണ്ടി കളിച്ച കാപ്പൻ അവരുമായി അഞ്ചുവർഷത്തെ കരാറൊപ്പിട്ടത് ചെറിയ തുകയ്ക്കൊന്നുമല്ല– 1.20 ലക്ഷം രൂപ! 40 വർഷം മുൻപ് ഈ തുകയുടെ മൂല്യം ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ മാത്രമാണ് അക്കാലത്ത് ഇത്ര വലിയ തുകയ്ക്ക് വിദേശ ടീമുകൾ സ്വന്തമാക്കിയിട്ടുള്ളത്. വിദേശ ക്ലബ്ബുമായി സഹകരിച്ചതിന്റെ പേരിൽ നടപടി വേണമെന്നു വരെ അക്കാലത്ത് ആവശ്യമുയർന്നിരുന്നു.

വിദേശത്തുനിന്ന് ടീമുകളെ കേരളത്തിൽ ടൂർണമെന്റിന് എത്തിച്ച കാപ്പൻ ഒട്ടേറെ ഇന്ത്യൻ വോളി താരങ്ങൾക്കു വിദേശത്തു കളിക്കാൻ അവസരമൊരുക്കി. കളിയിൽനിന്നു വിരമിച്ച ശേഷം ഇടക്കാലത്തു സംഘാടകനായി തിളങ്ങി. ഏതാനും വർഷം മുൻപു പാലായിൽ സംഘടിപ്പിച്ച ദേശീയ ടൂർണമെന്റിൽ അക്കാലത്ത് ഇന്ത്യൻ വോളിബോളിലെ സൂപ്പർ താരങ്ങളായിരുന്ന മിക്കവരും കളിക്കാനെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com