ADVERTISEMENT

കോട്ടയം ∙ പാലായുടെ രാഷ്ട്രീയചരിത്രം അട്ടിമറിയിലൂടെ തിരുത്തിക്കുറിച്ച്, കെ.എം. മാണിയുടെ പിൻഗാമിയായി എൽഡി എഫിന്റെ മാണി സി. കാപ്പൻ നിയമസഭയിലേക്ക്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനെ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപിച്ച മാണി സി. കാപ്പൻ, പാലായുടെ രണ്ടാം എംഎൽഎ ആയി സ്വന്തം പേര് എഴുതിച്ചേർത്തു.

പാലാ മണ്ഡലം രൂപീകരിച്ച 1965 മുതൽ 2019 ഏപ്രിലിൽ മരണം വരെ 54 വർഷവും കെ.എം. മാണി ആയിരുന്നു എംഎൽഎ. മാണിയുടെ നിര്യാണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പ് പക്ഷേ, കേരള കോൺഗ്രസിലെ പി.െജ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങളുടെ ചേരിപ്പോരിനുള്ള അങ്കത്തട്ടായി മാറി. ജോസ് കെ. മാണിയുടെ ഭാര്യ നിഷയെ സ്ഥാനാർഥിയാക്കുന്നതിനെ പി.ജെ. ജോസഫ് എതിർത്തു. സ്ഥാനാർഥിത്വം ലഭിച്ച ജോസ് ടോം രണ്ടില ചിഹ്നം ആവശ്യപ്പെട്ടില്ല; ജോസഫ് നൽകിയതുമില്ല. കൈതച്ചക്ക ചിഹ്നത്തിൽ സ്വതന്ത്രനായാണ് ജോസ് ടോം മത്സരിച്ചത്. മാണി സി. കാപ്പൻ, എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിലും.

പാലാ അട്ടിമറിയോടെ നിയമസഭയിൽ എൽഡിഎഫിന്റെ അംഗബലം ഒന്ന് വർധിച്ചു. മണ്ഡലത്തിലെ 12 പഞ്ചായത്തുകളിൽ ഒൻപതിലും പാലാ നഗരസഭയിലും എൽഡിഎഫ് ഭൂരിപക്ഷം നേടി. മൂന്ന് പഞ്ചായത്തുകളിൽ യുഡിഎഫിനാണു ഭൂരിപക്ഷം. കെ.എം. മാണിയുടെ കുടുംബം ഉൾപ്പെടുന്ന ബൂത്തിലടക്കം മാണി സി. കാപ്പൻ ലീഡ് നേടി.

കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാലായിൽ കെ.എം. മാണിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ ആയിരുന്നു. 2016 ൽ നേടിയ ഏകദേശം അതേ വോട്ടുകൾ മാണി സി. കാപ്പൻ നിലനിർത്തി (44 വോട്ടുകളുടെ മാത്രം കുറവ്). യുഡിഎഫിന് 7690 വോട്ട് കുറഞ്ഞു. 2016 ലും ബിജെപി സ്ഥാനാർഥിയായിരുന്ന എൻ. ഹരിക്ക് 6770 വോട്ട് കുറഞ്ഞു. ലോക്സഭാ തിരഞ്ഞെ‍ടുപ്പിൽ പാലാ മണ്ഡലത്തിൽ യുഡിഎഫിന് 33,499 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com