ADVERTISEMENT

ശബരിമല ∙ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നിട്ട് ഇന്ന് ഒരുവർഷം. സുപ്രീം കോടതിയിലെ പുനഃപരിശോധനാ ഹർജികളിൽ വിധി വരാനിരിക്കുന്നതേ ഉള്ളൂ. കഴിഞ്ഞവർഷം സെപ്റ്റംബർ 28ന് ഉണ്ടായ വിധിക്കു പിന്നാലെ കേരളത്തെ ഇളക്കിമറിച്ച പ്രതിഷേധമാണ് ഉയർന്നത്. ഇതിന്റെ പേരിൽ പൊലീസ് എടുത്ത 9000 ക്രിമിനൽ കേസുകളിൽ പ്രതികളായത് 27,000 പേർ. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ കേസിൽ 12 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി.

2016ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുൻപാകെ കേസ് വന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാരായിരുന്നു അധികാരത്തിൽ. ശബരിമലയിൽ യുവതീപ്രവേശം വേണ്ടെന്നും തൽസ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നൽകി. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. യുവതീപ്രവേശത്തെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകി കോടതിയിൽ സംസ്ഥാന സർക്കാർ വാദിച്ചു.

കേസിന്റെ തുടക്കം മുതൽ ആചാരസംരക്ഷണത്തിനായി വാദിച്ച ദേവസ്വം ബോർഡ് സർക്കാർ സമ്മർദത്തെ തുടർന്ന് നിലപാട് മാറ്റി. യുവതീപ്രവേശം അനുവദിച്ച് വിധി വന്നപ്പോൾ അതു നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങൾ ഉയർന്നു. പൊലീസിനെ ഉപയോഗിച്ച് സമരം നേരിടാൻ സർക്കാരും വിധി നടപ്പാക്കുന്നത് തടയാൻ ആചാര സംരക്ഷണ പ്രവർത്തകരും രംഗത്തിറങ്ങിയതോടെ ശബരിമല മേഖല കലാപഭൂമിയായി. ഒടുവിൽ മഫ്തി പൊലീസിന്റെ സഹായത്തോടെ ഏതാനും യുവതികളെ സന്നിധാനത്തെത്തിച്ചു.

വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ മുൻപാകെ എത്തിയത്. പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് നവംബർ 17ന് വിരമിക്കും. അതിനു മുൻപ് വിധി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വിധിയെ തുടർന്നുണ്ടായ സംഘർഷം കാരണം കഴിഞ്ഞ മണ്ഡല– മകരവിളക്കു കാലത്ത് തീർഥാടകരുടെ എണ്ണം കുറഞ്ഞു.

ദേവസ്വം ബോർഡിന് 200 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായി. നഷ്ടം നികത്താൻ ദേവസ്വത്തിനു 100 കോടി രൂപയുടെ സഹായം സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും ലഭിച്ചില്ല.

വാർഷികാചരണത്തിന് ക്ഷേത്രാചാര സംരക്ഷണ സമിതി

പന്തളം ∙ ആചാര സംരക്ഷണ പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു ക്ഷേത്രാചാര സംരക്ഷണ സമിതി 30ന് ഉച്ചകഴിഞ്ഞ് 3നു വലിയ കോയിക്കലിൽ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം സംഘടിപ്പിക്കും. ഒക്ടോബർ ഒന്നിന് മൂന്നുമണിക്കു ഗുരുസ്വാമിമാരുടെ സംഗമം പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാര വർമ ഉദ്ഘാ‌ടനം ചെയ്യും. സന്യാസിസഭ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. ഒക്ടോബർ 2ന് ഉച്ചകഴിഞ്ഞ് 3ന് പന്തളം കൊട്ടാരത്തിൽ അയ്യപ്പ രക്ഷാ സംഗമം നടക്കും. ഉത്തരാഖണ്ഡ് ഋഷികേശ് ഗോതീർഥ കപിലാശ്രമം മഠാധിപതി ശങ്കരാചാര്യ രാമചന്ദ്ര ഭാരതി ഉദ്ഘാടനം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com