ADVERTISEMENT

കോട്ടയം ∙ ജോസ് ടോമിന്റെ നാക്കും ജോസ് കെ.മാണിയുടെ ധാർഷ്ട്യവുമാണു പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണമെന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ.

പരാജയത്തിന്റെ വില്ലൻ പി.ജെ.ജോസഫാണെന്ന യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പ്രതികരണത്തിനു മറുപടിയുമായാണു സജി മഞ്ഞക്കടമ്പിൽ രംഗത്തെത്തിയത്. പാലായിലെ യുഡിഎഫ് യോഗത്തിൽ പി.ജെ.ജോസഫിനെ കൂവി വിളിച്ചതിനു പിന്നിൽ ജോസ് കെ.മാണിയാണെന്നും സജി ആരോപിച്ചു. 

രണ്ടില ചിഹ്നം നഷ്ടപ്പെടുത്തിയതിനു പിന്നിൽ ഗൂഢാലോചന നടത്തിയത് ആരാണെന്നു യുഡിഎഫ് അന്വേഷിക്കണം. തർക്കങ്ങൾക്കു ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയപ്പോൾ തോമസ് ചാഴികാടൻ കാണിച്ച മര്യാദ പോലും ജോസ് ടോം കാണിച്ചില്ല. ജോസ് ടോമിനെ പല കാര്യങ്ങളിലും വിലക്കിയിരുന്നു. മുത്തോലിയിൽ ജോസ് വിഭാഗം നേതാക്കൾ കോൺഗ്രസ് പതാക കത്തിച്ചതു ധാർഷ്ട്യത്തിന്റെ ഉദാഹരണമാണെന്നും ജോസഫ് വിഭാഗം ആരോപിച്ചു.

തിരഞ്ഞെടുപ്പു കഴിഞ്ഞ തുടർച്ചയായ രണ്ടാം ദിവസവും കേരള കോൺഗ്രസിലെ ഇരുപക്ഷങ്ങളും തമ്മിൽ തുറന്ന യുദ്ധമെന്ന് ഉറപ്പിച്ചു തന്നെയാണു ജോസഫ് വിഭാഗം നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയത്.

പാലായും കാപ്പനും  പ്രചാരണായുധം

പത്തനംതിട്ട ∙ ഉപതിരഞ്ഞെടുപ്പുകളിൽ പാലായിലെ വിജയവും മാണി സി. കാപ്പനെയും ഉയർത്തിക്കാട്ടി വോട്ടുതേടാൻ ഇടതുമുന്നണി. ഇന്നലെ കോന്നിയിൽ തിരഞ്ഞെടുപ്പു കൺവൻഷൻ വേദിയിലെത്തിയ മാണി സി. കാപ്പനെ ആവേശത്തോടെ അവതരിപ്പിക്കുകയും പ്രവർത്തകർ ഹർഷാരവം മുഴക്കുകയും ചെയ്തു. 

മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലും മാണി സി. കാപ്പന്റെ പാലായിലെ വിജയം അവതരിപ്പിക്കാൻ ശ്രദ്ധിച്ചു. പ്രസംഗിച്ച ഇടതുനേതാക്കളെല്ലാം പാലായിലെ വിജയത്തെയും മാണി സി കാപ്പനെയും ഉയർത്തിക്കാട്ടിയാണ് പ്രസംഗിച്ചത്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com