ADVERTISEMENT

കൃത്യനിഷ്ഠ, മദ്യവിരോധം, സദാചാരശാഠ്യം തുടങ്ങി ഒട്ടേറെ കാർക്കശ്യങ്ങളുള്ള നേതാവായതുകൊണ്ട് ചിരിക്കാനുള്ള മനസ്സ് ഗാന്ധിജിക്ക് ഉണ്ടാവില്ല എന്നാവും മിക്കവരും ധരിക്കുക. വസ്തുത മറിച്ചാണ്. തമാശ പറയാനോ കാണിക്കാനോ ഉള്ള ഒരു സന്ദർഭവും അദ്ദേഹം പാഴാക്കിയിരുന്നില്ല.

സ്വന്തം നർമബോധത്തെപ്പറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും ഗാന്ധിജി പറഞ്ഞിട്ടുണ്ട് – ‘നർമബോധം ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ എത്രയോ മുൻപ് ആത്മഹത്യ ചെയ്തേനെ.’

ജീവിതം ‌നിസ്സാരമാണെന്ന് അറിയുന്ന തത്വചിന്തകരെല്ലാം സോക്രട്ടീസിനെയും ബുദ്ധനെയും പോലെ ജീവിതത്തെ നോക്കി ചിരിക്കുന്നു. ചിരിയിൽ ചാലിച്ചാണ് ശ്രീനാരായണഗുരു എന്തും പറയുന്നത്. ‘ചിരിയില്ലേ, സൂഫിയില്ല’ എന്ന ചൊല്ല് പ്രശസ്തമാണ്.

ലൗകിക ഭോഗങ്ങളുടെ തുച്ഛത കുട്ടിക്കാലത്തേ തിരിച്ചറിയാൻ ഗാന്ധിജിക്കു ഭാഗ്യമുണ്ടായി. മോഹൻദാസിനെ അച്ഛൻ ഇംഗ്ലണ്ടിൽ അയച്ച് നിയമവും ഇംഗ്ലിഷും പഠിപ്പിച്ചത്, തന്റെ കാലശേഷം പോർബന്തറിലെ പ്രധാനമന്ത്രിയാകണമെന്ന് ഉദ്ദേശിച്ചാണ്! ഏത് അധികാരവും ദാസ്യമാണ് എന്നു സിദ്ധാന്തിക്കുമ്പോൾ ആത്മകഥയിൽ ഗാന്ധിജി ഒരു തമാശ പറയുന്നുണ്ട്: ‘‘എന്റെ പിതാവ് ദിവാനായിരുന്നു – ദാസൻ തന്നെ. രാജാവിന് അദ്ദേഹത്ത വളരെ ഇഷ്ടമായിരുന്നു എന്നത് ആ ദാസ്യം വർധിപ്പിച്ചിട്ടേയുള്ളൂ.’’

പ്രത്യുൽപന്നമതിത്വവും സാമാന്യബുദ്ധിയും എപ്പോഴും സജീവമായിരുന്നു എന്നതാണ് ആ നർമബോധത്തിന്റെ  പ്രധാനപ്പെട്ട നേട്ടം. പ്രചാരത്തിലുള്ള ഒരു കഥയാണിത്: ഗാന്ധിജി തീവണ്ടിയിൽ വാതിലിനടുത്തു നിൽക്കുമ്പോൾ ഇടത്തെ കാലിലെ ചെരിപ്പു വീണുപോയി. ഒട്ടും നേരം കളയാതെ അദ്ദേഹം വലത്തെ കാലിലെ ചെരിപ്പ് അതിനടുത്തേക്കു വലിച്ചെറിഞ്ഞു. സഹയാത്രികൻ ചോദിച്ചു: ‘‘ബാപ്പു, നിങ്ങളെന്താണീ കാട്ടുന്നത്?’’ ഉടനെ വന്നു മറുപടി: ‘‘അതു കിട്ടുന്ന ആൾക്ക് ഉപകരിക്കട്ടെ! അല്ലെങ്കിൽ ഞങ്ങൾക്ക് രണ്ടാൾക്കും ഉപകാരമില്ലാതെ പോവും.’’

ആളുകളുടെ ഭാഷ ഹിംസാനിഷ്ഠമാണ് എന്നു കാണിക്കാനാകാം, ഒരിക്കൽ സ്വയം വിശേഷിപ്പിച്ചത് ‘അഹിംസാസേനയുടെ നായകൻ’ (കമാൻഡർ ഓഫ് നോൺവയലന്റ് ആർമി) എന്നാണ്. അഹിംസയ്ക്കു സൈന്യം! വൈപരീത്യം മനസ്സിൽ തെളിയുന്ന ആരും മന്ദഹസിച്ചുപോകും.

കോപം ചിരിയായി രൂപാന്തരപ്പെടുത്തുന്നതാണു ഗാന്ധിയുടെ രീതി. ഡൽഹിയിൽനിന്നു വാർധയ്ക്കു പോകേണ്ട തീവണ്ടി കിട്ടാതെ മടങ്ങിവന്ന ശിഷ്യൻ സ്റ്റേഷനിൽ ചെല്ലാൻ വൈകിപ്പോയെന്നും പിറ്റേന്നു പൊയ്ക്കൊള്ളാം എന്നും പറഞ്ഞപ്പോൾ കൊടുത്ത മറുപടി: ‘‘ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു ദിവസം വൈകിയാൽ നീയാകും അതിനുത്തരവാദി.’’

യേർവാഡ ജയിലിൽ തടവുകാരനായിരിക്കെ, കാണാനെത്തിയ ചിലരോട് അവരുടെ നടുവിലിരുന്നുകൊണ്ട് ഗാന്ധിജി പറഞ്ഞു: ‘‘ഞാൻ അധ്യക്ഷത വഹിക്കാം.’’

വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ബോംബെയിൽനിന്നു പുറപ്പെട്ട ഗാന്ധിജി കപ്പിത്താനോട്: ‘‘15 ദിവസം ഞാൻ നിങ്ങളുടെ തടവുകാരനാണ്.’’

വിദേശത്തുവച്ച് ഒരു കമ്യൂണിസ്റ്റുകാരൻ ചോദിച്ചു: ‘‘അഹിംസയെപ്പറ്റി ക്രിസ്തു സംസാരിച്ചതു രണ്ടായിരം കൊല്ലം മുൻപാണ്. അദ്ദേഹം പരാജയപ്പെട്ടു. ഇപ്പോഴും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാ?’’ 

ഗാന്ധിജി ചിരിച്ചു: ‘‘തിന്മയ്ക്കു പകരം നന്മ കൊടുക്കണം എന്ന കഠിനമായ പാഠം തിരിയാൻ രണ്ടായിരം കൊല്ലം കൂടിയ കാലമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?’’

സമയം ലാഭിക്കാൻ ഒരു ഉൾനാട്ടിലേക്ക് അദ്ദേഹം ‘ഫോഡ്’ കാറിലാണു പുറപ്പെട്ടത്. ഇടയ്ക്കു കാർ കേടായി. ആ ഭാഗത്തെങ്ങും നന്നാക്കാൻ ആരുമില്ല. ഒടുക്കം കാളകളെ കെട്ടി വലിപ്പിക്കേണ്ടിവന്നു. അപ്പോൾ ​ഗാന്ധിജി പറഞ്ഞു: ‘ഫോഡ് ഇപ്പോൾ ഓക്സ്ഫോഡ് ആയി.’

കാണാൻചെന്ന ബർണാഡ് ഷാ ഗാന്ധിജിക്കു കൈ കൊടുക്കുമ്പോൾ പറഞ്ഞു: ‘‘ഇതാ, രണ്ടു മഹാന്മാർ കണ്ടുമുട്ടുന്നു.’’ കൗതുകപൂർവം ചുറ്റും നോക്കിയിട്ട് ഗാന്ധിജി ചോദിച്ചു: ‘‘മറ്റേയാൾ എവിടെ?’’

അടുത്തു പെരുമാറിയിരുന്നവരുടെയെല്ലാം ശ്രദ്ധയ്ക്കു സ്വാഭാവികമായും ആ നർമബോധം വിഷയമായിരുന്നു. ‘ലോകത്തിന്റെ ഭാരം ചുമക്കാൻ വിധിക്കപ്പെട്ടവനായതുകൊണ്ട് ബാപ്പുവിനു ചിരിക്കണമായിരുന്നു’ എന്നു വിലയിരുത്തിയ സരോജിനി നായിഡു, ചിരി അദ്ദേഹത്തിന്റെ ‘ഉല്ലാസപ്രകൃതി’യുടെ ആവിഷ്കാരമാ​ണെന്നു വിശദീകരിച്ചു.

സി.രാജഗോപാലാചാരി ഗാന്ധിജിയെ ഒരു സന്ദർഭത്തിൽ വിശേഷിപ്പിച്ചത് ‘ചിരിക്കാരൻ’ (മാൻ ഓഫ് ലാഫ്റ്റർ) എന്നാണ്. ഏതു സന്ദർഭത്തിലും ഏതു സാഹചര്യത്തിലും ചിരിക്കാനും ചിരിപ്പിക്കാനും സാധിച്ചിരുന്ന ഒരാളെപ്പറ്റി മറ്റെന്താണു പറയുക?

തന്റെ കാർക്കശ്യത്തെപ്പറ്റിയും ഗാന്ധിജി ഒരു തമാശ പറഞ്ഞിട്ടുണ്ട്: ‘‘കർക്കശക്കാരനായതുകൊണ്ട് എനിക്കറിയാം, വിട്ടുവീഴ്ചയുടെ ഭംഗി.’’

ഇംഗ്ലണ്ടിൽ പോയ കോട്ട്

ഒപ്പം ഇംഗ്ലണ്ടിലേക്കു വന്ന സെക്രട്ടറി മഹാദേവ് ദേശായിക്കുവേണ്ടി കടംവാങ്ങിയ കോട്ട് തിരിച്ചുകൊടുക്കുമ്പോൾ ഗാന്ധിജി അനുചരനോടു പറഞ്ഞു; ‘‘ഞാൻ ഇംഗ്ലണ്ടിൽ പോയി വന്നതാ എന്ന് ആളുകൾ മേനി പറയാറുണ്ട്. ഇനി, നിനക്കും പറയാം, എന്റെ കോട്ട് ഇംഗ്ലണ്ടിൽ പോയി വന്നതാ.’’

മഹാത്മജിയുടെ സഹയാത്രികൻ

തീവണ്ടിമുറിയിൽ സഹയാത്രികൻ ബർത്തിൽനിന്നു വീണു. വല്ലതും പറ്റിയോ എന്നന്വേഷിച്ച ഗാന്ധിജിക്കു കിട്ടിയ മറുപടി: ‘‘മഹാത്മാവിന്റെ സഹയാത്രികനായതുകൊണ്ട് ഒന്നും പറ്റിയില്ല.’’ പ്രതിവചനം: ‘‘ആ കണക്കിനു നിങ്ങൾ വീഴാനേ പാടില്ലായിരുന്നു.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com