ചെന്നൈ/ തേനി∙നീറ്റ് പരീക്ഷാ തട്ടിപ്പു കേസിൽ അറസ്റ്റിലായ വിദ്യാർഥികൾക്കു വേണ്ടി പരീക്ഷയെഴുതിയ 2 മലയാളി സീനിയർ മെഡിക്കൽ വിദ്യാർഥികളുൾപ്പെടെ 3 പേർ ബെംഗളുരുവിൽ പിടിയിലായതായി സൂചന. മുഖ്യ ഇടനിലക്കാരനായ റഷീദിനു വേണ്ടി ബെംഗളുരുവിൽ സൗകര്യങ്ങളൊരുക്കുന്ന അടുത്ത സുഹൃത്തും ഇതിലുൾപ്പെടുന്നു. എന്നാൽ, സിബിസിഐഡി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മറ്റൊരു ഇടനിലക്കാരൻ റാഫി ഉത്തരേന്ത്യയിലേക്കു കടന്നതായും വിവരം ലഭിച്ചു.
ബെംഗളുരു ആസ്ഥാനമായ, കേരളത്തിൽ ശക്തമായ വേരുകളുള്ള സംഘമാണു തട്ടിപ്പിനു പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഒന്നാം വർഷ എംബിബിഎസ് പ്രവേശനനടപടികൾ പരിശോധിക്കാനും സിബിസിഐഡി ആലോചിക്കുന്നു.
കേരളത്തിലെ പരിശീലന കേന്ദ്രങ്ങളാണ് അപരന്മാരെ ‘തിരഞ്ഞെടുത്തത്’ എന്നു നേരത്തെ കണ്ടെത്തിയിരുന്നു. റിമാൻഡിലുള്ള തേനി സ്വദേശി ഉദിത് സൂര്യ, ചെന്നൈ സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവർക്ക് പകരം പരീക്ഷ എഴുതിയവരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളതെന്നതെന്നാണു വിവരം. തട്ടിപ്പു നടത്തിയ ഒരു വിദ്യാർഥിക്കു വേണ്ടി 2 പേർ ആൾമാറാട്ടം നടത്തി വ്യത്യസ്ത കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയെന്ന സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടങ്ങിയതിനു പിന്നാലെ റഷീദ് ബെംഗളുരുവിലെത്തിയെന്നും ഇപ്പോൾ പിടിയിലായ സുഹൃത്താണ് ഇയാൾക്കു സൗകര്യങ്ങളൊരുക്കിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ മലയാളി വിദ്യാർഥി രാഹുലും പ്രവീണും ഏജന്റുമാരുടെ സഹായത്തോടെ വ്യാജ നീറ്റ് സ്‌കോർ കാർഡ് സംഘടിപ്പിച്ച് ഉയർന്ന റാങ്കുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് പ്രവേശനം നേടിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മെഡിക്കൽ കോളജ് അധികൃതരുടെ സഹായമുണ്ടെങ്കിലേ ഇതു സാധ്യമാകൂ. ഇവർ പഠിച്ചിരുന്ന സ്വകാര്യ മെഡിക്കൽ കോളജ് ഡീൻമാരെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും.
സേലം ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇർഫാനെ ഇന്ന് സിബിസിഐഡി കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിലുള്ള ഉദിത് സൂര്യയും അച്ഛൻ ഡോ.വെങ്കിടേഷും സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് തേനി കോടതി പരിഗണിക്കും.
അതേസമയം, തമിഴ്നാട് സർക്കാരിന്റെ ഒത്താശയോടെയാണു തട്ടിപ്പു നടന്നതെന്നും കേസ് സിബിഐയ്ക്കു വിടണമെന്നും ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു. തട്ടിപ്പിലൂടെ അൻപതോളം വിദ്യാർഥികൾ തമിഴ്നാട്ടിൽ പ്രവേശനം നേടിയെന്നും സ്റ്റാലിൻ ആരോപിച്ചു.