ADVERTISEMENT

കൊച്ചി∙ മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ പ്രതീക്ഷിക്കുന്ന ചെലവ് 2 കോടി രൂപയിൽ താഴെ. അതേസമയം, പൊളിച്ച അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ഇതിൽ ഉൾപ്പെടില്ല. അതിനു പ്രത്യേക ടെൻഡർ വിളിക്കും. പൊളിക്കൽ കരാർ ഏറ്റെടുക്കാൻ താൽപര്യപത്രം നൽകിയ കമ്പനികളിൽ അന്തിമ പട്ടികയിലുള്ളവരുടെ പ്രതിനിധികളുമായി 11നു വീണ്ടും കൂടിക്കാഴ്ച നടത്തും.

ഫ്ലാറ്റ് പൊളിക്കലിനു വിദഗ്ധോപദേശം നൽകാൻ ഇൻഡോറിൽ നിന്നുള്ള എൻജിനീയർ എസ്.ബി. സർവാതെയെ സംസ്ഥാന സർക്കാർ നിയോഗിച്ചു. ഇരുനൂറോളം ബഹുനില കെട്ടിടങ്ങൾ പൊളിച്ചതിന്റെ അനുഭവ സമ്പത്തുള്ളയാളാണ് ‌അദ്ദേഹം. നാളെ കൊച്ചിയിലെത്തുന്ന സർവാതെ ഫ്ലാറ്റുകൾ സന്ദർശിക്കും.

പരിചയ സമ്പത്തുള്ള ആളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണു സർവാതെയുടെ ഉപദേശം തേടുന്നതെന്ന് മരട് നഗരസഭാ സെക്രട്ടറിയുടെ അധികച്ചുമതല വഹിക്കുന്ന ഫോർട്ട്കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.

മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന എഡിഫസ് എൻജിനീയറിങ്ങാണ് ചുരുക്കപ്പട്ടികയിലുള്ള പ്രമുഖ കമ്പനികളിലൊന്ന്. ദക്ഷിണാഫ്രിക്കയിലെ ‘ജെറ്റ് ഡിമൊളിഷൻ’ എന്ന കമ്പനിയുമായി സഹകരിച്ചാണ് എഡിഫസ് എൻജിനീയറിങ്ങിന്റെ പ്രവർത്തനം. ഇതിനിടെ, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഫ്ലാറ്റ് നിർമാതാക്കളും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 15 പേരെ ഇന്നു ചോദ്യം ചെയ്യും.

ഉടമസ്ഥാവകാശ രേഖയില്ലാതെ 197 അപ്പാർട്മെന്റുകൾ

കൊച്ചി∙ മരടിൽ പൊളിച്ചു നീക്കാൻ സുപ്രീംകോടതി നിർദേശിച്ച ഫ്ലാറ്റുകളിൽ ശരിയായ ഉടമസ്ഥാവകാശ രേഖകളില്ലാതെ 197 അപ്പാർട്മെന്റുകൾ. 140 അപ്പാർട്മെന്റുകൾക്കു മതിയായ രേഖകളില്ലെന്ന് നഗരസഭ ആദ്യംതന്നെ കണ്ടെത്തിയിരുന്നു. കൂടുതൽ പരിശോധനയിലാണ് 57 എണ്ണത്തിനു കൂടി ഉടമസ്ഥാവകാശ രേഖകളില്ലെന്നു കണ്ടത്.

4 ഫ്ലാറ്റ് സമുച്ചയങ്ങളിലായി 326 അപ്പാർട്മെന്റുകളാണുള്ളത്. ഇതിൽ പകുതിയിലേറെയും ശരിയായ ഉടമസ്ഥാവകാശ രേഖകൾ ഇല്ലാത്തവയാണ്. 2 അപ്പാർട്ട്മെന്റുകൾ കൂട്ടിച്ചേർത്ത 17 എണ്ണമുണ്ട്. ശരിയായ ഉടമസ്ഥാവകാശ രേഖകളുള്ള അപ്പാർട്മെന്റുകളുടെ ഉടമകൾക്കു മാത്രമേ സുപ്രീം കോടതി നിർദേശിച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാൻ സാധ്യതയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com