sections
MORE

ബന്ധുവീട്ടിലും കൂട്ടക്കൊലയ്ക്ക് ശ്രമം?

Koodathayi-Jolly
SHARE

കോഴിക്കോട് ∙ പൊന്നാമറ്റം കുടുംബത്തിലെ കൂടുതൽ ആളുകളെ കൊലപ്പെടുത്താൻ ജോളി ശ്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബന്ധുക്കൾ. മരിച്ച റോയിയുടെ ഉറ്റബന്ധുവിന്റെ വീട്ടിലെ 5 പേർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോൾ 2 പേർ ഛർദിക്കുകയും ഇവരുടെ രക്തപരിശോധനയിൽ വിഷാംശം കണ്ടെത്തുകയും ചെയ്തെന്നാണ് പരാതി. കഴിഞ്ഞ വർഷമാണു സംഭവം. ഭക്ഷണമുണ്ടാക്കുന്ന സമയം ജോളി ഈ വീട്ടിലെത്തിയിരുന്നു. 

ഭക്ഷണം വിളമ്പും മുൻപേ മടങ്ങി. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുതുടങ്ങിയ ഉടൻ രണ്ടു പേർ ഛർദിച്ചു. ഇതോടെ മറ്റുള്ളവർ ഭക്ഷണം കഴിക്കുന്നതു നിർത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. രക്തത്തിൽ വിഷാംശം ഉണ്ടെന്നായിരുന്നു പരിശോധനാ റിപ്പോർട്ട്. ഭക്ഷണം പരിശോധിക്കാൻ തീരുമാനിച്ചെങ്കിലും അതിനു പൊലീസ് കേസെടുത്തതിന്റെ എഫ്ഐആർ ആവശ്യമാണെന്നു വിദഗ്ധോപദേശം ലഭിച്ചതോടെ വേണ്ടെന്നുവച്ചു. അന്നു ജോളിയെ സംശയമുണ്ടായിരുന്നില്ല. ബന്ധുക്കളുമായി സ്വത്തുതർക്കം ഉണ്ടായിരുന്നെന്നും ഇതാണു സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

‘വ്യാജ പൊലീസി’ന് മുന്നറിയിപ്പ്

കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധമുള്ളവരെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലർ ചോദ്യം ചെയ്യുന്നതായും അഭിമുഖമെടുക്കുന്നതായും പൊലീസ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് റൂറൽ എസ്പി കെ.ജി.സൈമൺ അറിയിച്ചു. കേസന്വേഷണത്തെ ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ പൊലീസിനെ അറിയിക്കണമെന്നും അഭ്യർഥിച്ചു.

പെൺകുട്ടികൾക്കു നേരെ  വധശ്രമം: അന്വേഷിക്കും

കൂടത്തായി പരമ്പര മരണക്കേസിൽ അറസ്റ്റിലായ ജോളി ജോസഫ് പെൺകുട്ടികളെ വധിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് കോഴിക്കോട് റൂറൽ എസ്പി കെ.ജി. സൈമൺ. 6 കൊലപാതകങ്ങളുടെ അന്വേഷണത്തിനാണു പ്രഥമ പരിഗണന. മറ്റ് അന്വേഷണങ്ങൾ സമാന്തരമായി നടക്കും.രണ്ടാം ഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈനു പുറമേ ആദ്യ ഭർത്താവ് റോയിയുടെ സഹോദരി രഞ്ജിയുടെ മകൾ, റവന്യു ഉദ്യോഗസ്ഥ ജയശ്രീയുടെ മകൾ, റോയിയുടെ ബന്ധു മാർട്ടിന്റെ മകൾ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചതായി അന്വേഷണ ഘട്ടത്തിൽതന്നെ പൊലീസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. 

ഇവരുടെ ബന്ധുക്കളുടെ വിശദ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മരണങ്ങളുടെ വാർത്തകൾ പുറത്തുവന്നതോടെയാണു മറ്റു 2 കുട്ടികളുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു പൊലീസിനെ സമീപിച്ചത്. ഇതിലൊരു പെൺകുട്ടി ഇപ്പോൾ വിദേശത്താണ്.

വിദേശത്തും വൻ വാർത്ത

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമുഖ വിദേശ മാധ്യമങ്ങളിലും വാർത്ത. യുഎസിലെ ന്യൂസ് വീക്ക്, ബ്രിട്ടനിലെ ഗാർഡിയൻ, യുഎഇയിൽ ഗൾഫ് ന്യൂസ്, ഖലീജ് ടൈംസ് തുടങ്ങിയവയിലെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് വന്നു. ജോളി ജയിലിലെ വിവരങ്ങൾ വച്ചുള്ള തുടർവാർത്തകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

ജോളിയെ ഇന്ന്  കോടതിയിൽ ഹാജരാക്കും

കോഴിക്കോട് ∙ കൂടത്തായി കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ താമരശ്ശേരി കോടതി ഇന്നു പരിഗണിക്കും. പ്രതി എം.എസ്. മാത്യുവിന്റെ ജാമ്യാപേക്ഷയും ഇന്നത്തേക്കു മാറ്റി. ജോളിക്കും പ്രജികുമാറിനും വേണ്ടി ആരും ഹാജരായില്ല. തന്റെ പ്രതിനിധികൾ ജോളിയെ ജയിലിൽ സന്ദർശിച്ചെന്നും വക്കാലത്ത് ഏറ്റെടുക്കുമെന്നും അഡ്വ.ബി.എ. ആളൂർ അറിയിച്ചു.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടിൽ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ. ഹരിദാസൻ കസ്റ്റഡി അപേക്ഷ നൽകി. പ്രതികൾക്ക് അഭിഭാഷകരില്ലാത്തതിനാൽ അവരുടെ ഭാഗം കൂടി കേൾക്കാനായി ഇന്നു ഹാജരാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA