ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫ് ആദ്യഭർത്താവിന്റെ സഹോദരിയുടെ മകൾ ഉൾപ്പെടെ 5 പെൺകുട്ടികളെക്കൂടി കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെൺമക്കളുടെ നേരെയായിരുന്നു വധശ്രമം. 3 പെൺകുട്ടികൾക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തിൽത്തന്നെ പൊലീസ് അറിഞ്ഞിരുന്നു. വീട്ടുകാരുടെ വിശദ മൊഴിയും രേഖപ്പെടുത്തി.

കൂട്ടക്കൊലയുടെ വാർത്ത പുറത്തുവന്നതോടെയാണു മറ്റു രണ്ടു പെൺകുട്ടികളുടെ വീട്ടുകാരും സംശയം പ്രകടിപ്പിച്ചത്. ഇതിലൊരു പെൺകുട്ടി ഇപ്പോൾ വിദേശത്താണ്. വിശദ അന്വേഷണത്തിൽ ഇതും വധശ്രമമാണെന്നു പൊലീസിനു ബോധ്യമായി. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികൾ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല.

ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയെങ്കിലും മൂത്ത മകനു നേരെ വധശ്രമമുണ്ടായിരുന്നില്ല. മകൾ വളർന്നുവന്നാൽ ബാധ്യതയാകുമെന്നായിരുന്നു ഇക്കാര്യം ചോദിച്ചപ്പോൾ ജോളിയുടെ മറുപടി. ഈ ഘട്ടത്തിലാണ് മറ്റു പെൺകുട്ടികളെ വധിക്കാൻ ശ്രമിച്ച കാര്യം അന്വേഷണ സംഘം തെളിവുസഹിതം നിരത്തിയത്. പെൺകുട്ടികളെ ഇഷ്ടമല്ലെന്നായിരുന്നു അപ്പോൾ മറുപടി.

ജോളി മൂന്നു തവണ ഗർഭഛിദ്രം നടത്തിയതും പെൺകുഞ്ഞുങ്ങളോടുള്ള വെറുപ്പു കാരണമാണോയെന്നും പരിശോധിക്കുന്നു. കൂട്ടുപ്രതിയും ബന്ധുവുമായ എം.എസ്. മാത്യു നൽകിയ സയനൈഡ് പലപ്പോഴായി ഉപയോഗിക്കാൻ ജോളി സൂക്ഷിച്ചുവച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ഡിഎൻഎ പരിശോധന വേണ്ടിവന്നാൽ വിദേശത്ത്

തിരുവനന്തപുരം ∙ മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയ്ക്കു രാജ്യത്തെ ഏറ്റവും മികച്ച ലബോറട്ടറിയുടെ സേവനം തേടുമെന്നും ഇതിനു കഴിയാത്തപക്ഷം കോടതിയുടെ അനുമതിയോടെ സാംപിൾ വിദേശത്തേക്ക് അയയ്ക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. സൈബർ, ഫൊറൻസിക്, ഡിഎൻഎ പരിശോധനാ വിദഗ്ധരെ ചേർത്ത് അന്വേഷണസംഘം വിപുലീകരിക്കും.

കോഴിക്കോട് റൂറൽ എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ആറു ചെറു സംഘങ്ങളായി തിരിച്ച് 6 മരണങ്ങളുടെയും ചുമതല ഓരോ സംഘത്തിനു നൽകി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്നു താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com