സൂരജ് ഉൾപ്പെടെ 3 പ്രതികൾക്ക് ജാമ്യമില്ല

HIGHLIGHTS
  • മൂന്നാം പ്രതി ബെന്നി പോളിനു സോപാധിക ജാമ്യം
palarivattom-flyover-sooraj
SHARE

കൊച്ചി ∙ പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസിൽ നാലാം പ്രതി മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ 3 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നും രണ്ടും പ്രതികളായ ആർഡിഎസ് എംഡി സുമിത് ഗോയൽ, ആർബിഡിസികെ മുൻ എജിഎം എം.ടി. തങ്കച്ചൻ എന്നിവരാണു ജാമ്യം നിഷേധിക്കപ്പെട്ട മറ്റുള്ളവർ. മൂന്നാം പ്രതി കിറ്റ്കോ മുൻ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോളിനു സോപാധിക ജാമ്യം അനുവദിച്ചു.

ആരോപണത്തിന്റെ ഗൗരവം, ഓരോ പ്രതിയുടെയും പങ്ക്, അന്വേഷണത്തെ ബാധിക്കാനുള്ള സാധ്യത എന്നിവയെല്ലാം പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ നടപടി. ഗൗരവമേറിയ ആരോപണത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നു കോടതി വിലയിരുത്തി. സർക്കാരിൽ ഉന്നത പദവി വഹിച്ച നാലാംപ്രതി ടി.ഒ. സൂരജിനു വൻ സ്വാധീനമുണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്നതു പരിഗണിക്കണം. വിവിധ കാലങ്ങളിൽ പ്രതിക്കു കീഴിൽ ജോലി ചെയ്തവരുടെ മേൽ ഇപ്പോഴും സ്വാധീനമുണ്ടാകാം. മൊബിലൈസേഷൻ ഫണ്ട് അനുവദിച്ച പിന്നാലെ കണക്കിൽപെടാത്ത പണം ഉപയോഗിച്ചു പ്രതി സ്വത്തു വാങ്ങിയതായി ആക്ഷേപമുണ്ട്. മറ്റു കേസുകളുമുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഒന്നാംപ്രതി സുമിത് ഗോയലിനു വൻ സ്വാധീനവും രാജ്യമെങ്ങും ബന്ധവുമുണ്ടെന്നാണു പ്രോസിക്യൂഷൻ പറയുന്നത്. സർക്കാർ ഓഫിസുകളിലും വിവിധ ഏജൻസികളിലുമുള്ള ജീവനക്കാരെ ചോദ്യം ചെയ്യാനുണ്ട്. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നു കോടതി വിലയിരുത്തി. മൊബിലൈസേഷൻ അഡ്വാൻസിനു വ്യവസ്ഥയില്ലെന്ന് അറിഞ്ഞിട്ടും കമ്പനിയുടെ അപേക്ഷ ശുപാർശ ചെയ്തതിൽ രണ്ടാം പ്രതി തങ്കച്ചനു പങ്കുണ്ടെന്ന ആരോപണം കോടതി പരിഗണിച്ചു. ടെൻഡർ തുറന്ന സമയത്തും തിരിമറി നടന്നതായി ആരോപണമുണ്ട്. ഇത്തരം കാര്യങ്ങളിൽ അന്വേഷണം മുന്നേറുകയാണ്. ജാമ്യം അനുവദിക്കാനാവില്ലെന്നും പറഞ്ഞു.

അതേസമയം, സാങ്കേതിക പരിശോധന നടത്തി ടെൻഡർ അനുമതി നൽകിയതു മാത്രമാണ് മൂന്നാം പ്രതി ബെന്നി പോളിനെതിരായ ആരോപണം. ആർഡിഎസ് സമർപ്പിച്ച ടെൻഡറിലെ ന്യൂനത മറച്ചുവച്ചുവെന്നാണ് ആരോപണം. ഇതു ബോധപൂർവമാണോ എന്ന് തെളിവു പരിശോധനയിൽ വിലയിരുത്തേണ്ടതാണ്. മറ്റു ഗുരുതര ആരോപണങ്ങളില്ല. നിർമാണ മേൽനോട്ടം വഹിച്ചെങ്കിലും തൂണുകളുടെ പണി കഴിഞ്ഞപ്പോൾ മറ്റൊരു പ്രോജക്ടിലേക്കു മാറി. പിന്നീടു നടന്ന പണികളിലാണ് പ്രധാന ന്യൂനത കണ്ടത്. ഇക്കാരണത്താൽ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവും നൽകണമെന്നാണു വ്യവസ്ഥ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA