ADVERTISEMENT

തിരുവനന്തപുരം ∙ അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണം കൊടിയിറങ്ങാൻ 10 ദിവസം മാത്രം ശേഷിക്കെ, വാക്പോരുകളും സാമുദായിക പിന്തുണ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി എൽഡിഎഫും യുഡിഎഫും. രാഷ്ട്രീയസന്ദേശങ്ങൾ നൽകി സാമുദായിക സംഘടനകളും കളം ഉദ്വേഗ ജനകമാക്കി.

നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ യോഗം തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർത്തതു യാദ‍ൃച്ഛികമല്ല. എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്കു നിയോഗിച്ചും കൂടുതൽ ഭാരവാഹികളെ തിരഞ്ഞെടുത്തും താഴേത്തട്ടിലേക്കു പ്രവർത്തനം വിപുലപ്പെടുത്തിയും നവോത്ഥാന പ്രവർത്തനത്തിൽ വെള്ളം ചേർത്തുവെന്ന വിമർശനം അടയ്ക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു.

അഞ്ചു മണ്ഡലങ്ങളിലും എസ്എൻഡിപി പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന പ്രസ്താവനയോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് അടിവരയിട്ടു. ഇതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് എത്തി. സവർണ–അവർണ വേർതിരിവുണ്ടാക്കുകയാണു സർക്കാർ എന്ന ആക്ഷേപത്തിലൂടെ എൻഎസ്എസ് ഉന്നമിടുന്നതു നവോത്ഥാന സമിതിയെത്തന്നെ.

എൻഎസ്എസിനെ അവഗണിച്ച ശേഷം ചില സാമുദായിക നേതാക്കളുടെ വീട്ടിൽ മന്ത്രിസഭായോഗം തന്നെ ചേരാൻ തുനിയുന്നുവെന്നു വെള്ളാപ്പള്ളിയുടെ വസതിയിൽ മുഖ്യമന്ത്രിയടക്കം 5 മന്ത്രിമാർ ഒരുമിച്ചെത്തിയതു സൂചിപ്പിച്ചു സുകുമാരൻ നായർ തുറന്നടിച്ചു. ‘വിജയദശമി സന്ദേശ’ പ്രസംഗത്തിലൂടെ ചില സന്ദേശങ്ങളും  എൻഎസ്എസ് നൽകി. വട്ടിയൂർക്കാവ്, കോന്നി, അരൂർ മണ്ഡലങ്ങളിൽ സാമുദായിക പിന്തുണ നിർണായകമായിരിക്കുമ്പോഴാണ് അണിയറയിലും അരങ്ങത്തുമുള്ള ഈ ചലനങ്ങൾ.

കോന്നിയിൽ ജയിച്ചാൽ ക്രെഡിറ്റ് കിട്ടുമെന്നും പരാജയപ്പെട്ടാൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും അടൂർ പ്രകാശിനെ ധരിപ്പിച്ചുവെന്നു തുറന്നു പറഞ്ഞു കൊണ്ടു നേതൃത്വത്തിന്റെ ഇടപെടൽ മുല്ലപ്പള്ളി രാമചന്ദ്രൻ കർശനമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com