ADVERTISEMENT

തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി 2 മാസത്തേക്കു കൂടി നീട്ടി. കാരണം കാണിക്കൽ നോട്ടിസിനു ശ്രീറാം നൽകിയ മറുപടി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണു സസ്പെൻഷൻ നീട്ടിയത്. അപകടം നടക്കുമ്പോൾ താനല്ല, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണു കാർ ഓടിച്ചതെന്നായിരുന്നു ശ്രീറാമിന്റെ വിശദീകരണം.  

രണ്ടു മാസത്തേക്കാണു ശ്രീറാമിനെ ആദ്യം സസ്പെൻഡ് ചെയ്തിരുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ 6 മാസം വരെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. അതിനു ശേഷം ഉദ്യോഗസ്ഥനു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാം.  

അപകട സമയത്തു താൻ മദ്യപിച്ചിരുന്നില്ലെന്നും ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണത്തിൽ ശ്രീറാം പറയുന്നു. അപകടവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെല്ലാം 7 പേജുള്ള കത്തിൽ അദ്ദേഹം നിഷേധിച്ചു. മനഃപൂർവമല്ലാത്ത അപകടമാണു സംഭവിച്ചത്. അപകടം ഉണ്ടായ ഉടൻ ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. താൻ മദ്യലഹരിയിലായിരുന്നെന്ന സാക്ഷി മൊഴികൾ ശരിയല്ല. പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല– വിശദീകരണത്തിൽ പറയുന്നു.

ഓഗസ്റ്റ് മൂന്നിനു രാത്രി 12.55 നാണ് കാറിടിച്ചു ബഷീർ കൊല്ലപ്പെട്ടത്. അന്നു ശ്രീറാം സർവേ ഡയറക്ടറായിരുന്നു. 2013 ബാച്ച് ഐഎഎസ് ഓഫിസറായ ശ്രീറാമിനെ 1969 ലെ ഓൾ ഇന്ത്യ സർവീസസ് ചട്ടം അനുസരിച്ചാണു ചീഫ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com