ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇനി ഉണ്ടാകുന്ന എല്ലാ കസ്റ്റഡി മരണക്കേസുകളുടെയും അന്വേഷണം സിബിഐക്കു വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, തൃശൂർ പാവറട്ടിയിൽ എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിൽ തിരൂർ സ്വദേശി രഞ്ജിത് കുമാർ മരിച്ച കേസിന്റെ അന്വേഷണം സിബിഐക്കു വിട്ടു. 

പൊലീസ് കസ്റ്റഡിയിലുള്ള മരണത്തെക്കുറിച്ച് അതേ ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇക്കാര്യം ഡിജിപിയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചു. 

തൃശൂർ എക്സൈസ് കസ്റ്റഡി മരണം:2 ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ

തൃശൂർ ∙ പാവറട്ടിയിൽ രഞ്ജിത് കുമാറിന്റെ കസ്റ്റ‍ഡിമരണത്തിൽ 2 എക്സൈസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ. ഇതോടെ, മൊത്തം അറസ്റ്റിലായ ഉദ്യോഗസ്ഥർ അഞ്ചായി. മുഖ്യപ്രതി അടക്കം 2 പേരെക്കുറിച്ചു വിവരമില്ല. കേസിൽ 7 എക്സൈസ് ഉദ്യോഗസ്ഥരും ഡ്രൈവറുമാണു പ്രതികൾ. ഡ്രൈവറെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.  

സിവിൽ എക്സൈസ് ഓഫിസർമാരായ ചേർപ്പ് ഉൗരകം വെളിയത്തുപറമ്പിൽ സ്മിബിൻ (31), മറ്റത്തൂർ കുന്നത്തുപറമ്പിൽ മഹേഷ് (28) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കീഴടങ്ങിയ ഇവരെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തു. 

രഞ്ജിത് കുമാർ (40)  ഈ മാസം ഒന്നിനാണു മരിച്ചത്. മുഖ്യപ്രതിയെന്നു സംശയിക്കുന്ന പ്രിവന്റീവ് ഓഫിസർ വി.എ. ഉമ്മർ, സിവിൽ എക്സൈസ് ഓഫിസർ ബെന്നി എന്നിവർ ഒളിവ‍ിലാണ്. 

തലയ്ക്കേറ്റ മർദനവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ കൊലക്കുറ്റത്തിനു കേസെടുത്തു. ഇന്നലെ സിബിഐക്കു വിട്ട കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com