ADVERTISEMENT

കോട്ടയം ∙ പിറന്ന നാട്ടിൽ കേരള കോൺഗ്രസുകൾ പ്രത്യേകമായി ജന്മദിനം ആഘോഷിച്ചു. പാർട്ടി ചെയർമാൻ സംബന്ധിച്ച തർക്കം രൂക്ഷമായ കേരള കോൺഗ്രസ് (എം) ജോസഫ്, ജോസ് വിഭാഗങ്ങൾ ജന്മദിനാഘോഷം ശക്തിപ്രകടനത്തിനുള്ള വേദിയാക്കി മാറ്റി.  കൂടാതെ കേരള കോൺഗ്രസ് (പി.സി. തോമസ്), കേരള കോൺഗ്രസ് (ജേക്കബ്), ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി) വിഭാഗങ്ങളും ജന്മദിനാഘോഷം നടത്തി.

സിഎസ്ഐ റിട്രീറ്റ് സെന്ററിൽ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം ജന്മദിനാഘോഷം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. കോടിമത റബർ ഭവനിൽ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജന്മദിനാഘോഷം പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.

kerala-congress-jose
കേരള കോൺഗ്രസ് (എം) ജന്മദിനത്തോട് അനുബന്ധിച്ചു ജോസ് വിഭാഗം കോട്ടയത്തു നടത്തിയ സമ്മേളനത്തിൽ പി.കെ. സജീവിനു മധുരം നൽകുന്ന ജോസ് കെ. മാണി എംപി. ഡോ.എൻ.ജയരാജ് എംഎൽഎ, ജോസഫ് എം.പുതുശ്ശേരി, തോമസ് ചാഴികാടൻ എംപി, ബാബു ജോസഫ്, റോഷി അഗസ്റ്റിൻ എംഎൽഎ, പി.എം. മാത്യു എന്നിവർ സമീപം.

പാർട്ടിയിലെ തർക്കം രൂക്ഷമായപ്പോൾ ബദൽ സംസ്ഥാന കമ്മിറ്റി ജോസ് കെ.മാണി വിളിച്ചു ചേർത്തതും സിഎസ്ഐ റിട്രീറ്റ് സെന്ററിൽ തന്നെയായിരുന്നു. കെ.എം. മാണിയുടെ പൈതൃകത്തിനായി രണ്ടു വിഭാഗങ്ങളും മത്സരിച്ചു.

 വേദിയുടെ പശ്ചാത്തലത്തിൽ കെ.എം. മാണിയുടെ ചിത്രം മാത്രം ജോസ് കെ. മാണി വിഭാഗം വച്ചപ്പോൾ കെ.എം. മാണിയുടെ ചിത്രത്തിനൊപ്പം സി.എഫ്. തോമസിന്റെയും പി.ജെ. ജോസഫിന്റെയും ചിത്രം ജോസഫ് വിഭാഗം സ്ഥാപിച്ചു. ജോസ് വിഭാഗം ചിഹ്നം ഒഴിവാക്കിയപ്പോൾ ജോസഫ് വിഭാഗം രണ്ടില പശ്ചാത്തലത്തിൽ ചേർത്തു. ജോസ് വിഭാഗം 55–ാം ജന്മദിനം എന്ന് ബാനറിൽ എഴുതിയപ്പോൾ ജോസഫ് വിഭാഗം 56–ാം ജന്മദിനമെന്നാണ് എഴുതിയത്.

kerala-congress-banner-1
ജോസ് കെ മാണി വിഭാഗം ആഘോഷിച്ചത് 55–ാം ജന്മദിനം

പി.ജെ. ജോസഫിനു പുറമേ എംഎൽഎമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ് എന്നിവർ ജോസഫ് വിഭാഗം യോഗത്തിൽ പങ്കെടുത്തു. ജോസ് കെ. മാണിക്കു പുറമേ തോമസ് ചാഴികാടൻ എംപിയും എംഎൽഎമാരായ റോഷി അഗസ്റ്റിനും ഡോ. എൻ. ജയരാജും ജോസ് വിഭാഗം യോഗത്തിൽ പങ്കെടുത്തു. ഇരുവിഭാഗവും കെ.എം. മാണിയെ പ്രസംഗത്തിൽ പലവട്ടം പരാമർശിച്ചു. പാലായിൽ സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചുവെന്നു ജോസ് കെ. മാണി പറഞ്ഞു. 

ഇതു സംബന്ധിച്ച് ആത്മപരിശോധന നടത്തും. പോരായ്മ എന്താണെന്നു കണ്ടെത്തും. പറയാനുള്ളതെല്ലാം ഉപതിരഞ്ഞെടുപ്പിനു ശേഷം പറയും– ജോസ് കെ. മാണി പറഞ്ഞു. അതേ സമയം, ജോസ് കെ. മാണിയെ പി.ജെ. ജോസഫ് വിമർശിച്ചു. സ്വന്തമായി തീരുമാനം എടുക്കാൻ അറിയില്ലാത്തയാളാണ് ജോസ് കെ. മാണിയെന്നു പി.ജെ. ജോസഫ് പറഞ്ഞു. മറ്റു ചിലരുടെ നിർദേശങ്ങളാണ് ജോസ് കെ. മാണി പിന്തുടരുന്നത്. അതു കൊണ്ടാണ് വണ്ടി ഇടിച്ചു നിന്നത്. പാർട്ടി ചെയർമാനായതു പോലും കോടതി തടഞ്ഞുവച്ചു– പി.ജെ. ജോസഫ് പറഞ്ഞു.

kerala-congress-banner
ജോസഫ് വിഭാഗം ആഘോഷിച്ചത് 56–ാം ജന്മദിനം

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com