ADVERTISEMENT

തിരുവനന്തപുരം ∙ മോഷണശ്രമം തൽസമയം കണ്ടെത്താൻ രാജ്യത്ത് ആദ്യമായി സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) കേരളത്തിൽ നടപ്പാക്കുന്നു. സിഐഎംഎസ് സജ്ജമാക്കിയ സ്ഥാപനങ്ങളിൽ എവിടെ മോഷണശ്രമം നടന്നാലും 3 മുതൽ 7 വരെ സെക്കൻഡിനകം പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ മുന്നറിയിപ്പും വിഡിയോ ദൃശ്യവും ലഭിക്കുന്ന സംവിധാനമാണിത്. ഇതിന്റെ പ്രവർത്തനം ഡിജിപി ലോക്നാഥ് ബെഹ്റ വിലയിരുത്തി.

ബാങ്ക്, വ്യാപാര സ്ഥാപനങ്ങൾ, ജ്വല്ലറികൾ, വീടുകൾ, എടിഎമ്മുകൾ എന്നിങ്ങനെ എവിടെയും ഈ സംവിധാനം ഏർപ്പെടുത്താം. ഈ സംവിധാനമുളള സ്ഥലങ്ങളിൽ ആരെങ്കിലും അതിക്രമിച്ചു കടന്നാൽ നിരീക്ഷണ ക്യാമറകളും സെൻസറുകളും ഉടൻ പ്രവർത്തിക്കും. അവിടെയുളള കൺട്രോൾ പാനൽ വഴിയാണു ദൃശ്യങ്ങൾ പൊലീസ് ആസ്ഥാനത്ത് എത്തുന്നത്. തുടർന്നു ബന്ധപ്പെട്ട ജില്ലയിലെ പ്രാദേശിക കൺട്രോൾ റൂമിലും പൊലീസ് സ്റ്റേഷനിലും സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ഫോൺ നമ്പർ അടക്കമുള്ള വിവരവും ‌കൈമാറും.

സ്ഥാപന ഉടമയ്ക്കും മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. കെൽട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൺട്രോൾ റൂമിൽ നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. 3 ഷിഫ്റ്റുകളിലാണ് എസ്ഐമാരുടെ സംഘം ഇവിടെ പ്രവർത്തിക്കുന്നത്.

ഫീസ് നൽകി സംവിധാനം സ്ഥാപിക്കാം

സുരക്ഷ ആവശ്യമുള്ള സ്ഥാപനങ്ങൾക്കു നിശ്ചിത ഫീസ് നൽകി ഇതു സ്ഥാപിക്കാം. സൈബർ ഹാക്കിങ് നടത്താൻ പറ്റാത്ത തരത്തിലാണു സംവിധാനം. ഏതെങ്കിലും ക്യാമറയോ സെൻസറോ പ്രവർത്തനരഹിതമായാൽ അപ്പോൾ തന്നെ കൺട്രോൾ റൂമിൽ അറിയാം. ഗാലക്സോൺ ഇന്റർനാഷനൽ സ്ഥാപനവുമായി സഹകരിച്ചാണു കെൽട്രോൺ സംവിധാനം ഏർപ്പെടുത്തുന്നത്.

കേരളപ്പിറവി ദിനത്തിൽ തുടക്കം:  ഡിജിപി ലോക്നാഥ് ബെഹ്റ

രാജ്യത്ത് ആദ്യമായാണ് സിഐഎംഎസ് ഏർപ്പെടുത്തുന്നത്. മലേഷ്യയിലും ദുബായിലും ഈ സംവിധാനം ഉണ്ട്. അതു നേരിട്ടു മനസ്സിലാക്കിയാണ് കേരളത്തിലും ഏർപ്പെടുത്താൻ തീരുമാനിച്ചത്. കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം നടത്തും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com