ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായിയിലെ ദുരൂഹ മരണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തിൽനിന്ന് 35 ആക്കി. ഉത്തരമേഖലാ ഐജി അശോക് യാദവിനാണ് മേൽനോട്ടച്ചുമതല. 

കണ്ണൂർ എഎസ്പി ഡി.ശിൽപ, നാദാപുരം എഎസ്പി അങ്കിത് അശോകൻ, താമരശ്ശേരി ഡിവൈഎസ്പി കെ.പി.അബ്ദുൾ റസാഖ്, തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാൽ, കോഴിക്കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി.ശിവപ്രസാദ്, പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ ഇൻസ്പെക്ടർ സ്റ്റാർമോൻ ആർ.പിള്ള എന്നിവരെ പുതുതായി സംഘത്തിൽ ഉൾപ്പെടുത്തി. 

അന്വേഷണത്തിന് സാങ്കേതിക സഹായം നൽകുന്നതിന് ഐസിടി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘവുമുണ്ട്. 

കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ നിലവിൽ   വടകര റൂറൽ ജില്ലാ പൊലീസ് എഎസ്പി ടി.കെ.സുബ്രഹ്മണ്യൻ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ ജീവൻ ജോർജ്, എഎസ്ഐമാരായ കെ.രവി, പി.കെ.സത്യൻ, കെ.പത്മകുമാർ, എം.യുസഫ്, പി.പി.മോഹനകൃഷ്ണൻ, സിനിയർ സിപിഒ എം.പി.ശ്യാം എന്നിവരാണ് ഉള്ളത്. 

ജോൺസനും ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധം: ഷാജു

കോഴിക്കോട് ∙ തഹസിൽദാർ ജയശ്രീ എസ്.വാരിയർ, ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ ജോൺസൻ എന്നിവരുമായി ജോളിക്കുണ്ടായിരുന്ന അടുത്ത ബന്ധം സ്ഥിരീകരിച്ച് ഭർത്താവ് ഷാജു സഖറിയാസ്. ഇരുവരെയും ജോളി വഴിയാണു തനിക്ക് പരിചയമെന്നും കുടുംബങ്ങൾ തമ്മിലും സൗഹൃദമുണ്ടായിരുന്നെന്നും ഷാജു പറഞ്ഞു.

ജോളിയുമായുള്ള വിവാഹശേഷം ജയശ്രീയുടെ കൂടത്തായിയിലെ വാടകവീട്ടിലും ബാലുശ്ശേരിയിലെ വീടിന്റെ ഗൃഹപ്രവേശത്തിനും പോയിട്ടുണ്ട്. ജയശ്രീയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനും പോയിരുന്നു. അടുത്ത കൂട്ടുകാരെപ്പോലെയാണു ജയശ്രീയും ജോളിയും ഇടപഴകിയിരുന്നത്. 

ആദ്യഭാര്യ സിലിയുടെ പേരിലുണ്ടായിരുന്ന ബിഎസ്എൻഎൽ സിമ്മിന്റെ രേഖ തന്റെ പേരിലേക്കു മാറ്റിയതു ജോൺസന്റെ സഹായത്തോടെയാണ്. അന്നു കണ്ണൂരിൽ ജോലി ചെയ്യുകയായിരുന്ന ജോൺസൻ ഇടയ്ക്ക് വീട്ടിൽ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ തനിക്കു പരിചയപ്പെടുത്താൻ ജോളി മടി കാണിച്ചിരുന്നെന്നും ഷാജു പറയുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com