ADVERTISEMENT

കോഴിക്കോട് ∙ വ്യാജ ഒസ്യത്തുണ്ടാക്കാനും മറ്റും കൂടത്തായി കൊലക്കേസ് പ്രതി ജോളിയെ സഹായിച്ചെന്ന ആരോപണത്തിൽ ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ ജയശ്രീയെ വിളിച്ചുവരുത്തി എഡിഎം രോഷ്ണി നാരായണൻ മൊഴിയെടുത്തു. ജയശ്രീ താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാർ ആയിരുന്നപ്പോൾ റോയിയുടെ സ്വത്ത് കൈവശപ്പെടുത്താനുള്ള രേഖകൾ തയാറാക്കാൻ ജോളിയെ സഹായിച്ചെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡപ്യൂട്ടി കലക്ടർ സി.ബിജുവിനെ ചുമതലപ്പെടുത്തി.

കലക്ടറോട് റവന്യു മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കലക്ടർ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് എഡിഎം മൊഴിയെടുത്തത്. മൊഴിയെടുക്കുമ്പോൾ ഡപ്യൂട്ടി കലക്ടർ ബിജുവും എഡിഎമ്മിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡപ്യൂട്ടി കലക്ടർ കൂടത്തായി വില്ലേജ് ഓഫിസ്, താമരശ്ശേരി താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ രേഖകൾ പരിശോധിച്ചു. 

ജയശ്രീയുടെ കുഞ്ഞിനെയും ഇല്ലാതാക്കാൻ ശ്രമിച്ചു?

ജയശ്രീയുടെ മൂന്നു വയസ്സുള്ള മകൾ ഒന്നര വയസ്സുള്ളപ്പോൾ 2 തവണ ഭക്ഷണത്തിലൂടെയുണ്ടായ വിഷബാധയിൽ നിന്നു രക്ഷപ്പെട്ടിരുന്നു. രണ്ടു പ്രാവശ്യവും സംഭവ സമയത്തു ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. വീട്ടിലില്ലാതിരുന്ന ജയശ്രീയെ ഫോണിൽ വിളിച്ച് കുഞ്ഞിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയാണെന്ന് ജോളിയാണ് അറിയിച്ചത്.

ആദ്യ തവണ രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്തിയപ്പോൾ പ്രാണികളിൽ നിന്നോ മറ്റോ ഉണ്ടായ വിഷബാധ ആകാമെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. രണ്ടാം തവണ കുഞ്ഞിന് അപസ്മാരം പിടിപെട്ടതാണെന്നു കുടുംബം കരുതി. ജോളിയെ ചോദ്യം ചെയ്ത ശേഷം പൊലീസാണു സംഭവത്തിൽ ഇവരുടെ പങ്ക് ജയശ്രീയുടെ കുടുംബത്തെ അറിയിച്ചത്. കൂടത്തായിയിൽ വാടകയ്ക്കു താമസിക്കുമ്പോൾ ജയശ്രീയും കുടുംബവും ജോളിയുടെ അയൽക്കാരായിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com