ADVERTISEMENT

കോഴിക്കോട് ∙ താമശ്ശേരി കൂടത്തായിയിൽ കൂട്ടമരണമുണ്ടായ പൊന്നാമറ്റം കുടുംബത്തിലെ 2 യുവാക്കളുടെ മരണത്തിൽ കൂടി മുഖ്യപ്രതി ജോളിക്കു പങ്കുണ്ടെന്ന സംശയവുമായി ബന്ധുക്കൾ. മരിച്ച പൊന്നാമറ്റം ടോം തോമസിന്റെ സഹോദരന്മാരുടെ മക്കളായ സുനീഷ് (28), ഉണ്ണി (വിൻസന്റ്, 24) എന്നിവരുടെ മരണം സംബന്ധിച്ചാണ് ആരോപണം. പൊന്നാമറ്റം അഗസ്റ്റിന്റെ മകൻ വിൻസന്റിനെ 2002 ഓഗസ്റ്റ് 24നു കോടഞ്ചേരി പുലിക്കയത്തെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ടോമിന്റെ ഭാര്യ അന്നമ്മ മരിച്ച് 2 ദിവസത്തിനു ശേഷമായിരുന്നു ഈ മരണം.

ടോമിന്റെ മറ്റൊരു സഹോദരൻ ഡൊമിനിക്കിന്റെ മകൻ സുനീഷ് 2008 ജനുവരി 15നു കോടഞ്ചേരി കുരങ്ങൻപാറയ്ക്കു സമീപം ബൈക്ക് അപകടത്തിലാണു മരിച്ചത്. പിന്നീടു വീട്ടുകാർ കണ്ടെത്തിയ സുനീഷിന്റെ ഡയറിയിൽ പലയിടത്തായി ‘ജോളി’ എന്നെഴുതിയിട്ടുണ്ട്; ചതിക്കപ്പെട്ടെന്ന സൂചനകളും പലയിടത്തായുണ്ട്. ആ വർഷം ഓഗസ്റ്റിലായിരുന്നു ടോം തോമസിന്റെ ദുരൂഹമരണം. സുനീഷിന്റെ അമ്മ എൽസമ്മ ഉന്നയിക്കുന്ന വാദങ്ങൾ:

∙ അന്നമ്മയുടെ മരണത്തിനു പിന്നാലെ രാത്രി വൈകുവോളം സുനീഷും വിൻസന്റും സംസാരിച്ചിരിക്കുന്നതു കണ്ടു. അന്നമ്മയുടെ സംസ്കാരം കഴിഞ്ഞു മടങ്ങുംവഴിയാണു വിൻസന്റിന്റെ മരണമറിഞ്ഞത്. രാവിലെ പള്ളിയിലേക്കു പോകാതെ വിൻസന്റിന്റെ അടുത്തേക്കു പോയിരുന്നെങ്കിൽ അവൻ മരിക്കില്ലായിരുന്നുവെന്നു സുനീഷ് പറഞ്ഞു. മുട്ടുകുത്തി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹമെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല.

∙ ജോളിയുമായി ഇരുവർക്കും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. സുനീഷ് പലരുടെയടുത്തായി 10 ലക്ഷത്തോളം രൂപയുടെ ബാധ്യത വരുത്തിയിരുന്നു. മരണശേഷം 41 സെന്റ് സ്ഥലം വിറ്റാണു കടം വീട്ടിയത്.

∙ വീടിനു 3 കിലോമീറ്റർ അകലെ കുരങ്ങൻപാറയിൽ രാത്രി 9നുണ്ടായ അപകടത്തിലാണു സുനീഷ് മരിച്ചത്. ബൈക്ക് മറിഞ്ഞ് തല കല്ലിൽ ഇടിച്ചതാണെന്നാണു പറഞ്ഞത്. ആരോ തലയ്ക്കടിച്ചു വീഴ്ത്തിയതാണെന്നും ആരോപണമുയർന്നിരുന്നു. ‘ജോളിയറിയാതെ ഒന്നും നടക്കില്ല’ എന്നു സംസ്കാരത്തിനെത്തിയ ഒരു ബന്ധു പറഞ്ഞെങ്കിലും അന്നു കാര്യമാക്കിയില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com