ADVERTISEMENT

കൊച്ചി ∙ മരട് ഫ്ലാറ്റുകളുടെ നിർമാതാക്കൾക്ക് എതിരായ കേസിൽ 2 പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. മരട് പഞ്ചായത്ത് ആയിരിക്കെ അവിടെ ജോലി ചെയ്തവരാണ് ഇരുവരും. ഫ്ലാറ്റ് ഉടമകളായ 3 പേരുടെ മൊഴിയും ഇന്നലെ ക്രൈംബ്രാ​ഞ്ച് രേഖപ്പെടുത്തി. മരട് നഗരസഭയിൽ നിന്നു ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത രേഖകളിലെ വിവരങ്ങളെക്കുറിച്ചാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. 

ചോദ്യം ചെയ്യൽ തുടരുമെന്ന് ക്രൈം ബ്രാഞ്ച് എസ്പി വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു. ഫ്ലാറ്റ് നിർമാണത്തിനായി കായൽ നികത്തിയതായി സൂചനയുണ്ടെന്നു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ഫ്ലാറ്റ് നിർമിച്ച ഭൂമിയുടെ സർവേ നടത്തിയ സർവേ വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് വിശദീകരിച്ചു. വ​ഞ്ചന നടത്തിയതിനാണ്  ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്. 

അതേസമയം, ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിൽ 22 അംഗ സംഘമാണ് അന്വേഷണത്തിനുള്ളത്.  മരട് പഞ്ചായത്തിൽ 2006– 07ലെ ജോയിന്റ് സൂപ്രണ്ടിനെയും 2007ലെ സെക്രട്ടറിയെയുമാണു ചോദ്യം ചെയ്തതെന്നും ഇവർ കേസിൽ നേരിട്ടു പങ്കില്ലാത്തവരാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 

sarvathe
എസ്.ബി. സർവാതെ

എസ്.ബി.സർവാതെയെ സമിതിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്

തിരുവനന്തപുരം ∙ മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സാങ്കേതിക സമിതിയിൽ വിദഗ്ധ എൻജിനീയറായ എസ്.ബി.സർവാതെയെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. നിയന്ത്രിത സ്ഫോടനങ്ങൾ നടത്തി കെട്ടിട ങ്ങൾ പൊ ളിക്കുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹമെന്ന റിപ്പോർട്ടുകളുടെ ‌പശ്ചാത്തലത്തിലും ഫോർട്ട്കൊച്ചി സബ് കലക്ടറുടെ കത്തിന്റെ ‌അടിസ്ഥാനത്തിലുമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നടപടി.

ഇൻഡോർ സ്വദേശിയും മൈനിങ് എൻജിനീയറുമായ എസ്.ബി. സർവാതെ ഇരുനൂറോളം കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടന ങ്ങളിലൂടെ പൊളിക്കുന്നതിനു നേതൃത്വം നൽകിയിട്ടുണ്ട്. ഇതോടെ സാങ്കേതിക സമിതിയിലെ അംഗങ്ങളുടെ എ‌ണ്ണം 12 ആയി.

അതേസമയം, ഫ്ലാറ്റ് ഉടമകൾക്കു നഷ്ടപരിഹാരം നൽകുന്നതിനു മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ തലവനായ സമിതിയിൽ ‌അംഗങ്ങളായി മുൻ ചീഫ് സെക്രട്ടറി കെ. ജോസ് സിറിയക്, വിദഗ്ധ എൻജിനീയർ ആർ. മുരുകേശൻ എന്നിവരെ ‌ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.

സമീപ മേഖലയെബാധിക്കില്ല: സർവാതെ

∙ ബഹുനില കെട്ടിടങ്ങൾ പൊളിക്കുമ്പോൾ സമീപ മേഖലയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എസ്.ബി. സർവാതെ മനോരമയോടു പറഞ്ഞു. അദ്ദേഹം ഇന്നു വൈകിട്ട് കൊച്ചിയിലെത്തും. പൊളിക്കാനുള്ള ഫ്ലാറ്റുകൾ നാളെ രാവിലെ അദ്ദേഹം സന്ദർശിക്കും.

ഫ്ലാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ചു സമീപവാസികൾ ആശങ്കപ്പെടേണ്ട കാര്യമില്ല. പൂർണ സുരക്ഷിതമായ രീതിയിലാണു‌ നിയന്ത്രിത സ്ഫോടനം നടത്തുക. ഭൂമിക്കടിയിലെ ഘടനയെ ഒരിക്കലും ബാധിക്കാത്ത തരത്തിലാണു ഫ്ലാറ്റുകൾ പൊളിക്കുക. 

ഭൂമിക്കടിയിലെ പൈപ്പ് ലൈനുകളിൽ ആഘാതമുണ്ടാകില്ല. ഫ്ലാറ്റുകൾ നേരിൽ പരിശോധിച്ച ശേഷം ഏതു രീതി ഉപയോഗിക്കണം എന്നതു സംബന്ധിച്ച് അധികൃതരുമായി ചർച്ച നടത്തുമെന്നു സർവാതെ പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com