ADVERTISEMENT

കോട്ടയം ∙ എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതോടെ ശബരിമല വിമാനത്താവളം പദ്ധതിയുടെ പ്രധാന തടസ്സം നീങ്ങും. എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച ആശയക്കുഴപ്പം മൂലം ഭൂമി ഏറ്റെടുക്കൽ നീളുകയായിരുന്നു. ഭൂമി ലഭിക്കാത്തതിനാൽ തുടർപ്രവർത്തനങ്ങളായ പദ്ധതി റിപ്പോർട്ട്, പരിസ്ഥിതി ആഘാത പഠനം തുടങ്ങിയവയും തുടങ്ങാനായില്ല. വനം പരിസ്ഥിതി മന്ത്രാലയം അടക്കം വിവിധ വകുപ്പുകളിൽ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ പോലും നൽകാനായില്ല. 

2262 ഏക്കർ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റിലെ 1000 ഏക്കറാണ് വിമാനത്താവളത്തിനു വേണ്ടത്. സർവേ നടത്തി ഭൂമി അളന്നു തിരിക്കുന്നതോടെ ഭൂമി കൈമാറ്റത്തിനുള്ള നടപടികൾ ആരംഭിക്കും. തുടർന്ന് മണ്ണുപരിശോധന, സർവേ നടപടികൾ തുടങ്ങിയവ. 

എരുമേലി–പത്തനംതിട്ട സംസ്ഥാന പാതയിൽ, എരുമേലിയിൽനിന്നു 3 കിലോമീറ്റർ അകലെയാണു ചെറുവള്ളി എസ്റ്റേറ്റ്. ജനവാസം കാര്യമായി ഇല്ലാത്തതിനാൽ കുടിയൊഴിപ്പിക്കൽ പോലുള്ള നടപടികളും പ്രതിസന്ധി സൃഷ്ടിക്കാനിടയില്ല. ഇതേസമയം പരിസ്ഥിതി അനുമതി പ്രധാന കടമ്പയാകും. മൊട്ടക്കുന്നുകൾ നിറഞ്ഞ ഭൂപ്രകൃതി ആയതിനാൽ നിർമാണ പ്രവർത്തനങ്ങളും വൈകില്ല. 

വിമാനത്താളത്തിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ കമ്പനി രൂപീകരിച്ചായിരിക്കും പ്രവർത്തനം. 

3 കോടി ശബരിമല തീർഥാടകർ; 5 ലക്ഷം പ്രവാസികൾ 

42 രാജ്യങ്ങളിൽ നിന്നായി വർഷം 3 കോടി തീർഥാടകരാണ് ശബരിമലയിൽ എത്തുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലക്കാരായ 5 ലക്ഷം പേർ വിദേശരാജ്യങ്ങളിൽ പ്രവാസികളായുണ്ട്. മൂന്നാർ, തേക്കടി, കുമരകം തുടങ്ങിയ സ്ഥലങ്ങളിലേക്കു ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളും എത്തുന്നുണ്ട്. ഇവർക്കെല്ലാം പദ്ധതി പ്രയോജനപ്പെടും. 

നേരത്തേ നെടുമ്പാശേരിയുടെ ഫീഡർ വിമാനത്താവളം എന്ന നിലയിലാണു വിഭാവനം ചെയ്തതെങ്കിലും പിന്നീട് മാറ്റി. തുടക്കത്തിലേ രാജ്യാന്തര വിമാനത്താവളമായി നിർമിക്കാനാണ് തീരുമാനം. 4.8 കിലോമീറ്റർ നീളത്തിലാണ് റൺവേ. നെടുമ്പാശേരി, മധുര, തിരുവനന്തപുരം എന്നിവയാണു സമീപത്തെ മറ്റു വിമാനത്താവളങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com