ADVERTISEMENT

കണ്ണൂർ ∙ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർ‌ത്തകനു ജില്ലാ സഹകരണ ബാങ്കിൽ ശമ്പളമില്ലാ അവധി. ബിജെപി പ്രവർത്തകനായ  മൂര്യാട് പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നരവർഷമായി ജയിലിൽ കഴിയുന്ന പാട്ടക്ക സുരേഷ് ബാബുവാണു ജില്ലാ ബാങ്കിലെ അക്കൗണ്ടന്റ് തസ്തികയിൽ ഇപ്പോഴും അവധിയിൽ തുടരുന്നത്.

കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുരേഷ് ശമ്പളമില്ലാ അവധിയിൽ (ലോസ് ഓഫ് പേ) ആണെന്നാണു ബാങ്കിലെ രേഖകൾ. 48 മണിക്കൂറിൽ കൂടുതൽ റിമാൻഡിൽ കഴിഞ്ഞാൽ പോലും അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നും 3 മാസത്തിൽ കൂടുതൽ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ സർവീസിൽ നിന്നു പിരിച്ചുവിടണമെന്നും നിയമമുള്ളപ്പോഴാണു സുരേഷ് ബാബുവിന് അവിഹിതമായി ആനുകൂല്യം അനുവദിച്ചത്.

ജീവനക്കാർക്കു മറ്റേതെങ്കിലും ജോലിയിൽ പ്രവേശിക്കാനോ, ജീവിത പങ്കാളിക്കൊപ്പം വിദേശത്തു താമസിക്കാൻ പോകാനോ, ഉന്നതപഠനത്തിനോ ആണു ശമ്പളമില്ലാ അവധി ആനുകൂല്യം നൽകാറുള്ളത്. 20 വർഷം വരെ ഇത്തരത്തിൽ ശമ്പളമില്ലാത്ത അവധിയിൽ തുടരാനാകും.

ജീവപര്യന്തമാണെങ്കിലും രാഷ്ട്രീയകൊലക്കേസ് പ്രതികളിൽ പലരും 14 വർഷം കഴിയുമ്പോൾ ശിക്ഷാ ഇളവു നേടി പുറത്തിറങ്ങുന്നതാണു പതിവ്. ഇത്തരത്തിൽ പുറത്തിറങ്ങിയാൽ തുടർന്നും സർവീസിൽ പ്രവേശിക്കാൻ സൗകര്യം ഒരുക്കാനാണ് ഉന്നതരുടെ ഒത്താശയോടെ പ്രതിക്കു ശമ്പളമില്ലാ അവധി അനുവദിച്ചത്.

2007 ഓഗസ്റ്റ് 16നാണു ബിജെപി പ്രവർത്തകനായ പ്രമോദിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ പ്രതിയായിരിക്കെ തന്നെയാണു പിഎസ്‍സി വഴി 2010ൽ സുരേഷ് ബാബുവിനു ജില്ലാ ബാങ്കിൽ ക്ലർക്കായി നിയമനം ലഭിച്ചത്. കൂത്തുപറമ്പിലെ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ ക്വോട്ടയിലായിരുന്നു നിയമനം.

ജയിലിലായ കാര്യം അറിയില്ലെന്ന് അധികൃതർ

ജില്ലാ ബാങ്കുകളിൽ നിലവിൽ ഭരണസമിതി ഇല്ലാത്തതിനാൽ സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാർക്കാണു ചുമതല. സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കേണ്ടത് അഡ്മിനിസ്ട്രേറ്ററാണ്. സുരേഷ് ബാബു ബാങ്കിൽ എത്താത്തതി‌നെ തുടർന്നു നോട്ടിസ് അയച്ചിരുന്നെന്നും ജയിലിലായ വിവരം അറിയില്ലെന്നുമാണു റജിസ്ട്രാറുടെ വിശദീകരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി താമസിയാതെ സർവീസിൽ നിന്നു നീക്കം ചെയ്യുമെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com