ADVERTISEMENT

കോഴിക്കോട് ∙ മക്കളെ രണ്ടുപേരെയും വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഉറക്കി വാതിൽ പുറത്തുനിന്നു പൂട്ടിയ ശേഷമാണു താഴെയെത്തി ഭർത്താവ് റോയിക്കു ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയതെന്നു ചോദ്യം ചെയ്യലിനിടെ പൊലീസിനോട് ജോളി.

ഇന്നലെ വൈകിട്ട് 3.30 നാണ് കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ വടകരയിലെ ഓഫിസിൽ ആരംഭിച്ചത്. കൊലപാതകങ്ങളിലെ പങ്കു സംബന്ധിച്ച് അറസ്റ്റ് ചെയ്ത ദിവസം തന്നെ കുറ്റസമ്മതം നടത്തിയ ജോളി ഇന്നലെ പക്ഷേ അന്നു പറഞ്ഞ ചില കാര്യങ്ങൾ നിഷേധിച്ചു.

ആദ്യഭർത്താവ് റോയ് തോമസ് ഭക്ഷണം കഴിക്കുന്നതിനു മുൻപാണു കുഴഞ്ഞുവീണു മരിച്ചതെന്ന വാദം ജോളി ആവർത്തിച്ചു. മരിക്കുന്നതിന്റെ 10 മിനിറ്റ് മുൻപു റോയി ചോറും കടലയും കഴിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ള കാര്യം അന്വേഷണ സംഘം വീണ്ടും ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ നടന്ന ചോദ്യം ചെയ്യലിലും പൊലീസ് ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ജോളിയുടെ വാദം തെറ്റാണെന്നു സ്ഥാപിച്ചത്. എന്നാൽ റോയി പുറത്തു നിന്നു ഭക്ഷണം കഴിച്ചിട്ടാവാം വീട്ടിൽ വന്നതെന്നായിരുന്നു ഇന്നലെ ജോളിയുടെ മറുപടി.

റോയി ഭക്ഷണം കഴിച്ച ഉടൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നു മരണവിവരമറിഞ്ഞു വീട്ടിൽ ആദ്യമെത്തിയ ബന്ധുക്കളിൽ ഒരാളോടു ജോളി പറഞ്ഞിരുന്നു. ബാക്കിയുള്ളവരോടെല്ലാം ഭക്ഷണം കഴിക്കുന്നതിനു മുൻപാണു സംഭവമെന്നും പറഞ്ഞു. ഈ ബന്ധുവിന്റെയും മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയതോടെ ജോളി നിശ്ശബ്ദയായി.

പിന്നീടു ചോദ്യം ചെയ്യലിനിടെ റോയിയുടെ മരണദിവസം വീട്ടിലുണ്ടായ കാര്യങ്ങൾ അന്വേഷണ സംഘത്തിനു മുന്നിൽ വിവരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ.ഹരിദാസന്റെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്.

പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

കൂടത്തായി കൂട്ടക്കൊലക്കേസിൽ പ്രതികളുമായി പൊലീസ് ഇന്നു തെളിവെടുപ്പ് നടത്തും. ജോളി ജോസഫിനെയും എം.എസ്. മാത്യുവിനെയും പൊന്നാമറ്റം വീട്ടിലെത്തിച്ചാണു തെളിവെടുപ്പ് നടത്തുക. മാത്യുവിനു സയനൈഡ് നൽകിയ കെ. പ്രജികുമാറിനെ നേരത്തേ താമരശ്ശേരിയിലെ ആഭരണ നിർമാണശാലയിലെത്തിച്ചു തെളിവെടുത്തിരുന്നു. അന്വേഷണ സംഘത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ വടകരയിലെ റൂറൽ എസ്പി ഓഫിസിൽ ചേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com