ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരക്കേസിൽ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അന്വേഷണസംഘം. മറ്റ് 5 മരണങ്ങളിൽ മൃതദേഹങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വൈകുമെന്നതിനാൽ റോയ് തോമസിന്റെ മരണം കൊലപാതകമാണെന്നു തെളിയിക്കലാണ് പൊലീസിന്റെ ആദ്യലക്ഷ്യം.

ഈ കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയും സാഹചര്യത്തെളിവുകളെ കൂട്ടിയിണക്കുന്ന സാക്ഷിമൊഴികൾ രേഖപ്പെടുത്തുകയും ചെയ്ത ശേഷം കുറ്റപത്രം തയാറാക്കാനാണു തീരുമാനം. റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പൊലീസിന്റെ പ്രധാന ആയുധം. ജോളിക്കു സയനൈഡ് നൽകിയെന്ന ബന്ധു എം.എസ്. മാത്യുവിന്റെ മൊഴിയും മാത്യുവിന് സയനൈഡ് നൽകിയ പ്രജികുമാറിന്റെ ആഭരണനിർമാണശാലയിൽ നിന്നു തെളിവെടുപ്പിനിടെ സയനൈഡ് കണ്ടെത്തിയതും നിർണായകമാവും.

4 കാരണങ്ങൾ; തെളിവോടെ

റോയിയുടെ കൊലപാതകത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്ന 4 കാരണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. റോയിയുടെ അമിതമദ്യ‌പാനത്തെ ജോളി എതിർത്തിരുന്നുവെന്ന കുടുംബാംഗങ്ങളുടെ മൊഴിയാണ് ഇതിൽ പ്രധാനം.

റോയിയുടെ അമിതമായ അന്ധവിശ്വാസത്തോട് ജോളിക്ക് എതിർപ്പായിരുന്നുവെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ കാരണം. വീട്ടിൽ പൂജകൾ നടക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില തെളിവുകൾ പൊലീസ് വീട്ടിൽ നിന്നു ശേഖരിക്കുകയും ചെയ്തു.

ജോളിയുടെ വഴിവിട്ട ബന്ധങ്ങളെ റോയ് എതിർത്തതും കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്നതിനെ സാധൂകരിക്കുന്ന മൊഴിയാണ് ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺ പൊലീസിനു നൽകിയത്. തന്റെ ചില ഉറ്റബന്ധുക്കളുമായി ജോളിക്കുള്ള ബന്ധം റോയ് കണ്ടെത്തിയിരുന്നുവെന്ന വിവരവും പൊലീസിനു ലഭിച്ചു.

റോയിയെ ഒഴിവാക്കി സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹവും കൊലപാതകത്തിനു കാരണമായെന്ന പൊലീസിന്റെ വാദത്തിനു രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴികൾ ബലമേകും.

ജോളി സയനൈഡ് സൂക്ഷിച്ചതെവിടെ?

കൊലപാതകങ്ങൾക്കു ശേഷം ജോളി സയനൈഡ് സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതു കണ്ടെത്തിയാൽ കേസിലെ ഏറ്റവും നിർണായക തെളിവാകും. 3 വട്ടം പൊന്നാമറ്റം വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സയനൈഡ് കണ്ടെത്താനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com