ADVERTISEMENT

കൊച്ചി ∙ സുപ്രീം കോടതിയിൽ നൽകിയ തിരുത്തൽ ഹർജി തീർപ്പാകുന്നതു വരെ മരട് ഫ്ളാറ്റുകൾ പൊളിക്കരുതെന്ന് ഫ്ലാറ്റ് ഉടമകൾ. ‘‘ഹർജി ദസറ അവധിക്കു ശേഷം സുപ്രീം കോടതി പരിഗണിക്കും. ഹർജിയിൽ പ്രതീക്ഷയുള്ളതിനാൽ ഫ്ലാറ്റ് പൊളിക്കുന്നതു സംസ്ഥാന സർക്കാർ നീട്ടിവയ്ക്കണം.

4 ദിവസംകൊണ്ടു 358 പേരോടു ഫ്ലാറ്റ് ഒഴിയാനും പുതിയ വീടുകൾ കണ്ടെത്താനുമൊക്കെ ഉത്തരവിട്ടത് അന്യായമാണ്. താമസക്കാർക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ജില്ലാ ഭരണകൂടത്തിൽ നിന്നു സഹായം ലഭിച്ചില്ല. പകരം താമസത്തിനുള്ള ഫ്ലാറ്റുകളുടേതെന്നു പറഞ്ഞ് തന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ‘ശല്യപ്പെടുത്തരുത്’ എന്ന മറുപടിയാണു ലഭിച്ചത്’’–ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.

ഫ്ലാറ്റ് നിർമാതാക്കളും ബാങ്കുകളും ഒത്തുകളിച്ചു. ബാങ്ക് വായ്പയ്ക്കു മുൻകയ്യെടുത്തത് ഫ്ലാറ്റ് നിർമാതാക്കളാണ്. ബാങ്കുകളുടെ പങ്കും അന്വേഷിക്കണം. ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്കു സംസ്ഥാന സർക്കാരിന്റെ നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്നതോടെ എല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയാണ്.

സുപ്രീം കോടതി നിയോഗിച്ച 3 അംഗ സമിതിയുടെ തെറ്റായ റിപ്പോർട്ടാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. തെറ്റായ റിപ്പോർട്ടാണ് ഇതെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.

മരടിനു മാത്രമായി നിയമം നടപ്പാക്കുന്നതു ശരിയല്ല. കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ച കെട്ടിടങ്ങളെല്ലാം പൊളിക്കേണ്ടി വരും. അതിനുള്ള നിയമ നടപടികളിലേക്കു നീങ്ങും.’’– തിരുത്തൽ ഹർജി നൽകിയ ഫ്ലാറ്റ് ഉടമകളിൽ ഉൾപ്പെട്ട മനോജ് സി. നായർ, സൈമൺ ഏബ്രഹാം, തോമസ് ഏബ്രഹാം എന്നിവർ പറഞ്ഞു.

അസ്സൽ ആധാരം പരിശോധിച്ച് 14നു റിപ്പോർട്ട് നൽകാൻ നിർദേശം

കൊച്ചി∙ മരടിൽ പൊളിക്കാൻ ഉത്തരവിട്ട എല്ലാ ഫ്ലാറ്റുകളുടെയും അസ്സൽ ആധാരം പരിശോധിച്ച് 14നു റിപ്പോർട്ട് സമർപ്പിക്കാൻ മരട് മുനിസിപ്പൽ സെക്രട്ടറിക്കു നിർദേശം. ഉടമകൾ സ്ഥലത്തിനും കെട്ടിടത്തിനും നൽകിയ തുകയും മറ്റു വിവരങ്ങളും ഉൾപ്പെടെയുള്ള റിപ്പോർട്ടാണു നൽകേണ്ടത്. ഫ്ലാറ്റ് ഉടമകൾക്കു നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച സമിതിയുടെ ആദ്യ യോഗത്തിലാണു ജസ്റ്റിസ് ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഈ തീരുമാനമെടുത്തത്.

14നു ചേരുന്ന അടുത്ത യോഗത്തിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. നഷ്ടപരിഹാരത്തിന് അർഹരായവരുടെ ആദ്യ പട്ടികയും മരട് നഗരസഭ തയാറാക്കിയ രേഖകളും ഇന്നലെ സമിതിക്കു കൈമാറി. എല്ലാ ഫ്ലാറ്റുകളുടെയും അസ്സൽ ആധാരം നഗരസഭ പരിശോധിച്ചിട്ടില്ല എന്ന കാര്യം വ്യക്തമായതിനെ തുടർന്നാണു നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com