ADVERTISEMENT

കൊച്ചി ∙ മുത്തൂറ്റ് ഫിനാൻസിൽ സിഐടിയു നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രധാന വിഷയങ്ങളിൽ ധാരണയിലെത്തിയെന്ന് മുത്തൂറ്റ് മാനേജ്മെന്റ് അറിയിച്ചു.

∙ സംസ്ഥാന സർക്കാർ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ (എൻബിഎഫ്‌സി) ജീവനക്കാർക്കായി മിനിമം വേതന വിജ്ഞാപനം 2016 ൽ പുറപ്പെടുവിച്ചിരുന്നു. എൻബിഎഫ്‌സികളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ എൻബിഎഫ്‌സി അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയും വിജ്ഞാപനത്തിനു സ്റ്റേ ലഭിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നടപ്പാക്കുവാനാണ് കോടതി നിർദേശിച്ചത്.

വിജ്ഞാപനം നിയമപരമായി പ്രാബല്യത്തിൽ വരുന്നതനുസരിച്ച് മറ്റ് എൻബിഎഫ്‌സികൾക്കൊപ്പം മുത്തൂറ്റ് ഫിനാൻസും നടപ്പാക്കുമെന്ന നിലപാട് ചർച്ചയിൽ ആവർത്തിച്ചു. ഇടക്കാലാശ്വാസമായി ഈ ഒക്ടോബർ ഒന്നു മുതൽ എല്ലാ ജീവനക്കാർക്കും മാസംതോറും 500 രൂപ നൽകും. ഈ തുക പുതുക്കിയ മിനിമം വേതനമോ മറ്റു വേതന വർധനയോ നടപ്പാക്കുമ്പോൾ അതുമായി പൊരുത്തപ്പെടുത്തും.

∙ സമരങ്ങൾ മൂലം സംസ്ഥാനത്തെ ഒട്ടുമിക്ക ശാഖകളിലെയും ബിസിനസ് കുറഞ്ഞിരുന്നു. പ്രവർത്തന മികവുമായി ബന്ധപ്പെട്ട ഇൻക്രിമെന്റ് വ്യവസ്ഥ പ്രകാരം, പ്രവർത്തനം മോശമായ ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റിൽ കുറവു വന്നിരുന്നു. പണിമുടക്കുകൾ ബാഹ്യ ശക്തികളുടെ ഇടപെടൽ മൂലമാണെന്നു ബോധ്യപ്പെട്ടതിനാൽ പിടിച്ചുവച്ച 25% ഇൻക്രിമെന്റ് 2019 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തോടെ നൽകാൻ തീരുമാനമായി.

∙ പണിമുടക്കു കാലത്തു പിരിച്ചുവിട്ട ജീവനക്കാരെ അവർ അപ്പീൽ സമർപ്പിക്കുന്നതനുസരിച്ചു ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കും. തുടർന്ന്, അന്വേഷണം നടത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാനും സസ്‌പെൻഡ് ചെയ്യപ്പെട്ടവരുടെ സസ്‌പെൻഷൻ പിൻവലിച്ച ശേഷം ശിക്ഷാ നടപടികൾ പൂർത്തീകരിക്കാനുമാണ് ധാരണ.

∙ ലേബർ കമ്മിഷണറുടെ ശുപാർശ പ്രകാരം എംപ്ലോയീ സ്റ്റോക്ക് ഓണർഷിപ് പ്ലാൻ (ഇഎസ്ഒപി) പ്രകാരം ഓഹരികൾ ലഭിക്കുവാനുള്ള ജീവനക്കാരുടെ അപേക്ഷകൾ ലഭിക്കുന്നതനുസരിച്ച് അവ എൻആർസി കമ്മിറ്റി മുൻപാകെ സമർപ്പിക്കാമെന്ന നിലപാട് മാനേജ്‌മെന്റ് ആവർത്തിച്ചു. കമ്മിറ്റി അപേക്ഷകൾ പരിഗണിച്ച് യോഗ്യത അനുസരിച്ചു തീരുമാനമെടുക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com