ADVERTISEMENT

ആലപ്പുഴ ∙ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ആലപ്പുഴ രൂപതയുടെ നാലാമത്തെ ബിഷപ്പായി ചുമതലയേറ്റു. ഡോ. ജയിംസ് ആനാപറമ്പിലിന് ഔദ്യോഗിക ചുമതല കൈമാറിയതായി പ്രഖ്യാപിച്ച് ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചു. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ ദേവാലയത്തിൽ ഇന്നലെ വൈകിട്ട് 3.30ന് ആയിരുന്നു ചടങ്ങ്.

ഈ സമയം തന്നെ ഡോ. ജയിംസ് ആനാപറമ്പിലിനെ ബിഷപ്പായി നിയമിച്ചുകൊണ്ടു ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തലിക വിളംബരം റോമിലും അതിന്റെ പകർപ്പ് രൂപത ചാൻസലർ ഫാ. സോണി സേവ്യർ പനയ്ക്കൽ ആലപ്പുഴയിലും വായിച്ചു. രൂപത സ്ഥാപിതമായതിന്റെ 67–ാം വാർഷികദിനമായിരുന്നു ഇന്നലെ.

2018 ഫെബ്രുവരി 11നാണ് പിൻതുടർച്ചാവകാശമുള്ള സഹായ മെത്രാനായി ഡോ. ജയിംസ് ആനാപറമ്പിൽ അഭിഷിക്തനായത്. ചെല്ലാനം കണ്ടക്കടവ് ആനാപറമ്പിൽ റാഫേൽ–ബ്രിജിത് ദമ്പതികളുടെ മകനായി 1962 മാർച്ച് 7നു ജനിച്ച ഡോ. ജയിംസ് ആനാപറമ്പിൽ 1986 ഡിസംബർ 17നു വൈദികപട്ടം സ്വീകരിച്ചു. റോമിലെ ഉർബാനിയാന സർവകലാശാലയിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽനിന്ന് യഹൂദപഠനത്തിൽ പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടി. ആലുവ കർമലഗിരി സെമിനാരി അധ്യാപകൻ, ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. 2013 മുതൽ രൂപതയിലെ വൈദികരുടെ ചുമതലയുള്ള വികാരി ജനറലായി.

2017 ഡിസംബർ 7ന് അദ്ദേഹത്തെ പിൻതുടർച്ചാവകാശമുള്ള സഹായമെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. 18 വർഷം രൂപതയുടെ ബിഷപ്പായി ശുശ്രൂഷ ചെയ്തതു ദൈവനിയോഗമായിരുന്നെന്നു സ്ഥാനം ഒഴിഞ്ഞ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com