ADVERTISEMENT

തിരുവനന്തപുരം ∙ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും വായ്പകളെല്ലാം എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചു. സ്വർണപ്പണയ വായ്പകൾ ഒഴികെയുള്ള വായ്പകളാണ് എഴുതിത്തള്ളുക. തിരിച്ചടയ്ക്കാനുള്ള മുതലിന്റെ 60% തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ബാങ്കുകൾക്കു കൈമാറും. ബാക്കി തുക ബാങ്കുകൾ സ്വയം എഴുതിത്തള്ളുകയും പലിശയും പിഴപ്പലിശയും വേണ്ടെന്നു വയ്ക്കുകയും വേണം. ഓഖി ചുഴലിക്കാറ്റ് ആരംഭിച്ച ദിവസമായ 2017 നവംബർ 29ന് തിരിച്ചടയ്ക്കാൻ ബാക്കിയുള്ള മുതൽ തുകയാണ് എഴുതിത്തള്ളുക.

സ്വർണപ്പണയ വായ്പയെടുത്തവരുടെ കാര്യത്തിൽ 2017 നവംബർ 29നു ശേഷമുള്ള പലിശയും പിഴപ്പലിശയും ബാങ്കുകൾ ഒഴിവാക്കണം. 29 വരെ കുടിശികയുള്ള മുതലും പലിശയും ഇൗടാക്കി കുടുംബാംഗങ്ങൾക്ക് സ്വർണം മടക്കി നൽകണം. കുടുംബാംഗങ്ങൾ കുടിശിക അടയ്ക്കാൻ തയാറായില്ലെങ്കിൽ സ്വർണം ലേലം ചെയ്ത് കിട്ടുന്ന തുകയിൽ നിന്ന് 2017 നവംബർ 29 വരെയുള്ള കുടിശിക ബാങ്കുകൾക്ക് ഇൗടാക്കാം. ബാക്കി തുക കുടുംബാംഗങ്ങൾക്കു വിതരണം ചെയ്യണം. ലേലം ചെയ്തു കിട്ടുന്ന തുകയെക്കാൾ കൂടുതലാണ് കുടിശികയെങ്കിൽ ബാക്കി തുക ബാങ്കുകൾ എഴുതിത്തള്ളുകയും വേണം.

ദുരിതത്തിന് ഇരയായവരുടെ ആശ്രിതരുടെ പേരിൽ സർക്കാർ സ്ഥിരനിക്ഷേപമായി ബാങ്കിലിട്ടിരിക്കുന്ന തുകയുടെ 25% കുടിശിക അടയ്ക്കാൻ പിൻവലിക്കാം. ജില്ലകളിലെ ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർമാരാണ് വായ്പ എഴുത്തിത്തള്ളുന്നതിന് തുടർനടപടി സ്വീകരിക്കേണ്ടത്. ഓഖി ദുരന്തത്തിൽപ്പെട്ട് 52 പേർ മരിച്ചെന്നും 91 പേർ തിരിച്ചു വന്നിട്ടില്ലെന്നുമാണ് സർക്കാരിന്റെ കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com