sections
MORE

ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിൽ മേൽക്കൈ നേടാൻ മുന്നണികൾ

shankar-rai-campaign-2
മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈയുടെ പ്രചാരണാർഥം പതിപ്പിച്ചിക്കുന്ന പോസ്റ്ററുകൾ.
SHARE

തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പു പ്രചാരണം അന്ത്യപാദത്തിൽ എത്തിയതോടെ മേൽക്കൈ നേടാനുള്ള അടവുകളും പ്രയോഗങ്ങളുമായി അഞ്ചിടത്തും മുന്നണികളുടെ പടയോട്ടം. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അളവുകോലായി വിധിയെഴുത്തു മാറും എന്നതിനാൽ ആ വാശി കളത്തിലും നിറയുന്നു. കലാശക്കൊട്ടിന് ഇനി ഒരാഴ്ച മാത്രം. 

ആവേശകരമായിരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ തൊട്ടുപിന്നാലെ വന്ന തിരഞ്ഞെടുപ്പ് ഒരുവിഭാഗം വോട്ടർമാരിൽ അതേ ആവേശം ജനിപ്പിക്കുന്നുണ്ടോ എന്ന ആശങ്ക രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം താഴ്ന്നതു ജയസാധ്യതയെ തകിടം മറിച്ചുവെന്ന് അനുമാനമുള്ളതിനാൽ മുഴുവൻ വോട്ടും പോൾ ചെയ്യിക്കാനുള്ള ജാഗ്രത വേണമെന്ന നിർദേശം യുഡിഎഫ് നേതൃത്വം പ്രവർത്തകർക്കു നൽകി. കൂടത്തായി കേസ് പുറത്തുവിടാൻ ഉപതിരഞ്ഞെടുപ്പു വേള ബോധപൂർവം തിരഞ്ഞെടുത്തതാണന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിനു പിന്നിൽ പ്രചാരണം മുങ്ങിപ്പോകുന്നോയെന്ന ശങ്ക കൂടിയുണ്ട്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ ചോർന്ന വോട്ടുകൾ പാലായിൽ തിരിച്ചുപിടിച്ചതാണു വിജയത്തിനു വഴിതുറന്നതെന്ന വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഇടതു വോട്ടുകൾ മുഴുവൻ സമാഹരിക്കാനുള്ള ശ്രമമാണ് അഞ്ചിടത്തും സിപിഎം നടത്തുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ചോർച്ച തടയാനും കോന്നിയിൽ കുതിക്കാനുമുള്ള തീവ്രശ്രമത്തിൽ ബിജെപിയും. 

ലോക്സഭാ തിരഞ്ഞെടുപ്പിലും പാലായിലും മുന്നണികളെ തന്നെ അമ്പരപ്പിച്ച ഫലമായിരുന്നു എന്നതിനാൽ വോട്ടർമാരുടെ മനോഭാവം പിടികിട്ടാതെ കുഴങ്ങുകയാണു മൂന്നു മുന്നണികളും. ലോക്സഭയിൽ യുഡിഎഫ് 19 സീറ്റ് പ്രതീക്ഷിച്ചതല്ല. പാലാ അട്ടിമറി ഇടതുമുന്നണിയും കരുതിയില്ല. 

പാലാ തിരിച്ചടി  മറികടക്കാൻ യുഡിഎഫ് 

പാലായിൽ തോറ്റതോടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ മേൽക്കൈ ഇനി നിലനിർത്തണമെങ്കിൽ യുഡിഎഫിന് അഞ്ചിടത്തും ജയിച്ചേ തീരൂ. എറണാകുളത്തും മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും അവർ മേൽക്കൈ അവകാശപ്പെടുന്നു. അപ്പോഴും യുഡിഎഫ് വോട്ടുകളാകെ ബൂത്തുകളിലെത്തിക്കാനുള്ള ഉത്സാഹം വട്ടിയൂർക്കാവിൽ അനിവാര്യമെന്നു വിലയിരുത്തുന്നു. എൻഎസ്എസിന്റെ ‘ശരിദൂര പ്രഖ്യാപനം’ കോന്നിയിലും വട്ടിയൂർക്കാവിലും നേട്ടമുണ്ടാക്കുമെന്നാണു നിഗമനം. 

തുടക്കത്തിൽ ഇടഞ്ഞുനിന്ന അടൂർ പ്രകാശിനെ കോന്നിയിൽ സജീവമായി രംഗത്തിറക്കാൻ കഴിഞ്ഞതു മാറ്റമുണ്ടാക്കുമെന്നാണു പ്രതീക്ഷ. സാമുദായിക സമവാക്യങ്ങൾ കോന്നിയിൽ എങ്ങനെ തിരിയുമെന്നതിൽ മൂന്നു മുന്നണികൾക്കും തീർച്ച പോരാ. 

എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും ചിട്ടയായ പ്രവർത്തനവും ഷാനിമോൾ ഉസ്മാനു ലഭിക്കാവുന്ന സഹതാപ വോട്ടുകളും മത്സരം അനുദിനം ആവേശകരമാകുന്നതും അരൂരിൽ അനുകൂല ഫലം നൽകുമെന്നും പ്രതീക്ഷയുണ്ട്. 

ലോക്സഭാ ക്ഷീണം തീർക്കാൻ എൽഡിഎഫ് 

അരൂർ നിലനിർത്തുക, ബാക്കി നാലിൽ ഒന്നെങ്കിലും നേടുക എന്നതാണ് ഇടതുമുന്നണിയുടെ പരിമിത ലക്ഷ്യം. അഞ്ചിൽ രണ്ടും പാലായും ചേർന്നാൽ മൊത്തം ഉപതിരഞ്ഞെടുപ്പു നടന്ന ആറിൽ പകുതിയാകും. ലോക്സഭ തിരഞ്ഞെടുപ്പിലെ ഏകസീറ്റു പ്രകടനത്തിൽ നിന്ന് ഇതു വൻകുതിപ്പായി വിലയിരുത്തപ്പെടുമെന്നു സിപിഎം കണക്കുകൂട്ടുന്നു. മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും 2016 ൽ മൂന്നാംസ്ഥാനത്തായിപ്പോയതിന്റെ നാണക്കേടു തീർക്കുമെന്ന വാശിയോടെയാണു പ്രവർത്തനം. എറണാകുളത്തുപോലും മന്ത്രിമാരടക്കമുള്ളവർ വീടുകൾ കയറിയിറങ്ങുന്നു. ഓരോ വോട്ടറെയും എങ്ങനെ ആകർഷിക്കാമെന്നതിനെക്കുറിച്ചു ഗൃഹപാഠം ചെയ്തുള്ള മാറിയ പ്രവർത്തനരീതിയിലാണു പ്രതീക്ഷ. 

അവസരം കൈവിടാതെ നോക്കാൻ എൻഡിഎ 

അഞ്ചിൽ രണ്ടു മണ്ഡലങ്ങളിലും 2016ൽ രണ്ടാമതായിരുന്നതിനാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ലഭിച്ച സുവർണാവസരം, സ്ഥാനാർഥി നിർണയ വിവാദങ്ങളിലൂടെ നഷ്ടപ്പെടുത്തി എന്ന സ്വയം വിമർശനത്തിൽ നിന്നു കരകയറാൻ ശ്രമിക്കുകയാണ് എൻഡിഎ. കേന്ദ്രനേതാക്കളെ അടക്കം രംഗത്തിറക്കി ആവേശം പടർത്താനാകും ഇനിയുള്ള ദിവസങ്ങളിലെ ശ്രമം. വട്ടിയൂർക്കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ ശക്തമായ ത്രികോണമത്സരം ഉയർത്തുന്നു. 

തുഷാർ വെള്ളാപ്പള്ളിയടക്കം പ്രചാരണ രംഗത്തുണ്ടെങ്കിലും ബിഡിജെഎസ് പിന്തുണയുടെ കാര്യത്തിൽ ഇരുമുന്നണികളും സൃഷ്ടിക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിൽ ബിജെപിക്കു ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA