ADVERTISEMENT

കോഴിക്കോട് ∙ ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ്. പിന്നീടുള്ള ഓരോ കൊല നടത്താനും ഇതു ധൈര്യം നൽകി. ഇതോടെ കൊലപാതകങ്ങൾക്കിടയിലെ കാലയളവ്  കുറഞ്ഞുവന്നു. 

ആദ്യ ഭർത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും  ഒരന്വേഷണവും നടക്കാതിരുന്നതോടെ പൂർണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പൊലീസിനോടു പറഞ്ഞു. ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി നിർവികാരതയോടെ വിവരിച്ചു.

∙ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത്. 2002ൽ. കൊലയ്ക്ക് ഉപയോഗിച്ചത് കീടനാശിനി.

∙ രണ്ടാമത്തെ കൊലപാതകം 6 വർഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകി. 

∙ മൂന്നു വർഷത്തിനു ശേഷം 2011ൽ മൂന്നാമത്തെ കൊലപാതകം. റോയ് തോമസിനു സയനൈഡ് കലർത്തി നൽകിയത് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിൽ

∙ റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഇല്ലാതായതോടെ പൂർണധൈര്യമായി. 2014ൽ 3 മാസത്തെ ഇടവേളയിൽ നടത്തിയതു 2 കൊലകൾ. 

മഞ്ചാടിയിൽ മാത്യുവിന് സയനൈഡ് കലർത്തി നൽകിയത് മദ്യത്തിൽ. ഷാജുവിന്റെ മകൾ ആൽഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി നൽകി.  

∙ ഒരു വർഷത്തിനു ശേഷം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടു. 2016ൽ നടത്തിയ മൂന്നാം ശ്രമത്തിൽ സിലി മരിച്ചു. സയനൈഡ് നൽകിയത് വെള്ളത്തിൽ കലക്കിയും ഗുളികയിൽ പുരട്ടിയും.

കല്ലറ തുറക്കൽ തടയാനും ശ്രമിച്ചു

കൂടത്തായി കൊലപാതകങ്ങളിൽ മൃതദേഹാവശിഷ്ട പരിശോധനയ്ക്കായി കല്ലറ തുറക്കുന്നത് തടയാൻ ജോളി ജോസഫ് ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ. കല്ലറ തുറന്നാൽ ദോഷമുണ്ടാകുമെന്നാണ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമിടയിൽ പ്രചരിപ്പിച്ചത്. പള്ളി അധികൃതരെ കണ്ട് തീരുമാനം മാറ്റാനും നീക്കം നടത്തിയിരുന്നു. അന്വേഷണ സംഘം വല മുറുക്കിയെന്നു ബോധ്യമായതോടെ പിൻമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com