sections
MORE

സഹോദരൻ വസ്ത്രമെത്തിച്ചില്ല; ജോളിക്കു വസ്ത്രം വാങ്ങി നൽകി പൊലീസ്

Jolly-04
SHARE

കോഴിക്കോട് ∙ കൂടത്തായി കൊലക്കേസിലെ പ്രതി ജോളിക്കു പുതിയ വസ്ത്രം വാങ്ങി നൽകിയതു പൊലീസ്. 5 നു രാവിലെ കസ്റ്റഡിയിലെടുത്തപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു പുറമെ ഒരു ജോഡി വസ്ത്രം കൂടി എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ 2 വസ്ത്രങ്ങളാണ് ജയിലിൽ  ജോളി മാറി മാറി ധരിച്ചത്.

റിമാൻഡ് പ്രതികൾക്കു ജയിൽ വസ്ത്രം നൽകാൻ ചട്ടമില്ല. വീട്ടിൽ നിന്നു വസ്ത്രമെത്തിക്കാനായി ജോളി ജയിലിലെ ഫോണിൽ നിന്നു സഹോദരനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിച്ചില്ല. ഒരു ദിവസം സഹതടവുകാരി നൽകിയ നൈറ്റി ധരിച്ചു. അറസ്റ്റ് ചെയ്ത ദിവസം ധരിച്ച അതേവസ്ത്രം ധരിച്ചാണ് കഴിഞ്ഞ ദിവസം ജോളി കോടതിയിൽ ഹാജരായത്.

രണ്ടാമത്തെ വസ്ത്രം ജയിലിൽ നിന്ന് എടുക്കാൻ മറന്നു. ഇന്നലെ രാവിലെ തെളിവെടുപ്പിനു പോകുന്നതിനു മുൻപായി വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറാണ് ഇൻസ്പെക്ടർ പി.എം. മനോജിന്റെ നിർദേശപ്രകാരം പുതിയ വസ്ത്രം വാങ്ങിനൽകിയത്. 

ധൂർത്തിനെപ്പറ്റി സഹോദരനും പരാതി

കട്ടപ്പന ∙ ജോളിക്ക് എത്ര പണം കിട്ടിയാലും തികയാറില്ലായിരുന്നെന്ന് സഹോദരൻ നോബി. പണം ആവശ്യപ്പെട്ട് എപ്പോഴും ജോളി വിളിക്കാറുണ്ടായിരുന്നു. ഭർത്താവ് റോയിയുടെ മരണശേഷം ജോളിക്കും മക്കൾക്കും ചെലവിന് നൽകി. ജോളിക്ക് ജോലി ഇല്ലെന്ന കാര്യം മുൻപുതന്നെ പറഞ്ഞിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം ഉണ്ടെന്നും സഹായിക്കണമെന്നും പറയാറുണ്ട്. മക്കളുടെ പഠനത്തിനുള്ള ഫീസും പിതാവാണ് നൽകിയിരുന്നത്. എന്നാൽ ജോളിക്ക് പണത്തോട് ആർത്തിയുണ്ടായിരുന്നു. എത്രകിട്ടിയാലും ആവശ്യങ്ങൾ ബാക്കിയാണ്.

ജോളിയുടെ ധൂർത്ത് അച്ഛൻ എതിർത്തിരുന്നു. ഇതിനെപ്പറ്റി പല തവണ ജോളിയോട് താനും പിതാവും പരാതിപ്പെട്ടിട്ടുണ്ട്. ഈ ധൂർത്ത് കാരണം മക്കൾക്ക് ആവശ്യമായ പണം അവരുടെ അക്കൗണ്ടുകളിലേക്ക് തന്നെ ഇട്ടുകൊടുക്കുകയാണു പതിവ്. ഇതേപ്പറ്റിയും ജോളി പരാതി പറയാറുണ്ട്. കഴിഞ്ഞ ഓണത്തിനാണ് ജോളി അവസാനമായി കട്ടപ്പനയിലെ വീട്ടിലെത്തിയത്. അന്ന് തിരികെ പോകും വഴിയും പണം നൽകിയതായി നോബി പറഞ്ഞു. 

ജോളിയുടെ മൊബൈൽ പൊലീസിന് കൈമാറി

കോട്ടയം ∙ ജോളിയുടെ മൊബൈൽ ഫോൺ മക്കൾ പൊലീസിനു കൈമാറി. കൊല്ലപ്പെട്ട റോയിയുടെ സഹോദരി രഞ്ജിയെയും ജോളിയുടെ മക്കളെയും കണ്ട് അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കാനെത്തിയപ്പോഴാണ് ഫോൺ കൈമാറിയത്. റോയി നേരത്തേ ഇവിടെ വന്നിരുന്നതായും വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞതായും വൈക്കത്തെ കുടുംബ സുഹൃത്ത് പൊലീസിനു മൊഴി നൽകി.

അന്വേഷണവുമായി രണ്ടാമതും

കോടഞ്ചേരി ∙ ജോളിയുമായി എത്തിയ പൊലീസ് സംഘം പോയതിനു പിന്നാലെ ആൽഫൈന്റെ മരണം അന്വേഷിക്കുന്ന സംഘവും ഷാജുവിന്റെയും പിതാവിന്റെയും മൊഴിയെടുക്കാനെത്തി. ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുർബാന ദിവസം നടന്ന വിരുന്നിൽ ആൽഫൈൻ ഭക്ഷണം കഴിച്ച് കുഴഞ്ഞുവീണ മുറിയും പരിശോധിച്ചു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ഷാജുവും സക്കറിയാസും അറിയിച്ചു. വൈകിട്ട് 3.30ന് എത്തിയ തിരുവമ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം 2 മണിക്കൂറോളം മൊഴിയെടുക്കൽ തുടർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA