sections
MORE

കൂടത്തായി കേസ്: പകൽ മുഴുവൻ നീണ്ട തെളിവെടുപ്പ്; അപ്രതീക്ഷിത നീക്കങ്ങൾ

Koodathai-murder-jolly-7
കോഴിക്കോട് കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളിയെ മഞ്ചാടിയിൽ മാത്യുവിന്റെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ. ചിത്രം: മനോരമ
SHARE

കോഴിക്കോട് ∙ കൂടത്തായി കൊലപാതകങ്ങളിലെ പൊലീസിന്റെ തെളിവെടുപ്പ് പകൽ മുഴുവൻ നീണ്ടു. താമരശ്ശേരിയിലും കോടഞ്ചേരിയിലുമായി 6 പേർ മരിച്ച 4 ഇടത്തും ജോളി ജോസഫ് പതിവായി എത്തിയിരുന്ന എൻഐടി പരിസരത്തുമായിരുന്നു തെളിവെടുപ്പ്. യാത്രയിലുടനീളം സസ്പൻസ് നിലനിർത്തിയ അന്വേഷണ സംഘം ഇടയ്ക്ക് അപ്രതീക്ഷിത നീക്കങ്ങളിലൂടെ നാട്ടുകാരെയും മാധ്യമങ്ങളെയും അമ്പരപ്പിക്കുകയും ചെയ്തു. ആ യാത്ര ഇങ്ങനെ:

പൊന്നാമറ്റം വീട് (കൂടത്തായി)

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസന്റെ നേതൃത്വത്തിൽ വടകര റൂറൽ എസ്പി ഓഫിസിൽ നിന്ന് വൻ പൊലീസ് സംഘം പുറപ്പെട്ടതു രാവിലെ 9.15ന്. അറസ്റ്റിലായ ശേഷം കൂടത്തായിയിൽ ആദ്യമായെത്തുന്ന ജോളിയെ കാണാൻ അയൽക്കാരും നാട്ടുകാരും രാവിലെ മുതൽ കൂടിയിരുന്നു. പതിനൊന്നോടെ എത്തിച്ച ജോളിയെ 20 മിനിറ്റോളം വീട്ടുമുറ്റത്ത് വാഹനത്തിൽ ഇരുത്തിയ ശേഷമാണ് ഇറക്കിയത്. ഇരുനില വീടിന്റെ മുക്കുംമൂലയും വരെ ജോളിയെ എത്തിച്ച് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ചെറിയ പ്ലാസ്റ്റിക് കുപ്പിയിൽ ബ്രൗൺ നിറത്തിലുള്ള പൊടി, ഗുളികകൾ, ഒഴിഞ്ഞ കുപ്പി, ഡയറി തുടങ്ങിയവ വീട്ടിൽനിന്ന് കണ്ടെടുത്തു. ടോം, അന്നമ്മ എന്നിവർ മരിച്ചു കിടന്ന ഡൈനിങ് ഹാൾ, റോയിയെ മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലും ജോളിയെ കൊണ്ടുപോയി.

സയനൈഡ് എത്തിച്ചു നൽകിയ ഡൈനിങ് ഹാളിലേക്ക് എം.എസ്. മാത്യുവിനെ കൊണ്ടുപോയ സംഘം ഇരുവരെയും ഒരുമിച്ചിരുത്തി വിവരങ്ങൾ ആരാഞ്ഞു. ഒരു കുപ്പിയിലെ സയനൈഡ് പൂർണമായും ഉപയോഗിക്കുകയും രണ്ടാമത്തെ കുപ്പി ഒഴുക്കിക്കളയുകയും ചെയ്തെന്ന് ജോളി അറിയിച്ചു. മൂന്നാം പ്രതി പ്രജികുമാറിനെ വാഹനത്തിൽ നിന്ന് ഇറക്കിയതേയില്ല. തെളിവെടുപ്പ് രണ്ടര മണിക്കൂർ നീണ്ടു.

മാത്യു മഞ്ചാടിയിലിന്റെ വീട് (കൂടത്തായി) 

അര കിലോമീറ്റർ അകലെ റോയിയുടെ അമ്മാവൻ മാത്യു മഞ്ചാടിയിൽ കൊല്ലപ്പെട്ട വീട്ടിലേക്കാണ് തുടർന്നു പോയത്. ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നതും സംഭവദിവസം മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയതും ജോളി വിവരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുകൂടിയായാണ് ജോളി.

ഷാജുവിന്റെ വീട് (കോടഞ്ചേരി)

ജോളിയുടെ ഭർത്താവ് ഷാജുവിന്റെയും മുൻ ഭാര്യ സിലിയുടെയും മകൾ ആൽഫൈന് (ഒന്നര) വിഷബാധയേറ്റ കോടഞ്ചേരി പുലിമറ്റത്തെ വീട്ടിൽ ഉച്ചയ്ക്കു ശേഷം പെരുമഴയത്താണ് എത്തിയത്. കാത്തുനിന്ന അയൽക്കാർക്കിടയിലൂടെ തലകുനിച്ച് ജോളി അകത്തേക്ക്. ഷാജുവും പിതാവ് സഖറിയാസും ഉൾപ്പെടെയുള്ളവരോട് അൽപനേരം സംസാരിച്ച്, വീടിനകം ചുറ്റി സംഘം പുറത്തേക്ക്. കൂക്കുവിളികളോടെ ജനം യാത്രയാക്കി. 

ഡെന്റൽ ക്ലിനിക് (താമരശ്ശേരി)

ഷാജുവിന്റെ ഭാര്യ സിലി കൊല്ലപ്പെട്ട െഡന്റൽ ക്ലിനിക്കിലായിരുന്നു അടുത്ത തെളിവെടുപ്പ്. ആളുകളെ പൂർണമായി ഒഴിപ്പിച്ചിരുന്നു. ജോളിയെ അകത്തെത്തിച്ച്, സിലിയെ കൊലപ്പെടുത്തിയ രീതി ചോദിച്ചുറപ്പിച്ചു. സംഭവദിവസം കുടുംബ സുഹൃത്ത് കൂടിയായ ക്ലിനിക് ഉടമ പൊന്നാമറ്റം കുടുംബത്തിലെതന്നെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഈ വിവാഹത്തിൽ കൂടിയ ശേഷമാണ് ജോളിയും ഷാജുവും സിലിയെയും കൊണ്ട് ക്ലിനിക്കിലെത്തിയത്.

എൻഐടി പരിസരം (ചാത്തമംഗലം)

താമരശ്ശേരിയിൽ നിന്നു നേരെ വടകരയിലേക്കെന്ന മട്ടിൽ പുറപ്പെട്ട സംഘം അപ്രതീക്ഷിതമായി എൻഐടിയിലെ തെളിവെടുപ്പിനായി തിരിക്കുകയായിരുന്നു. ആദ്യമെത്തിയത് ജോളി പതിവായി പോകാറുണ്ടായിരുന്ന ബ്യൂട്ടി പാർലറിൽ. ജോളി വാഹനത്തിൽത്തന്നെ ഇരുന്നതേയുള്ളു.

തുടർന്ന്, ജോളി എത്താറുണ്ടായിരുന്ന കമ്പനിപ്പടി സെന്റ് തോമസ് ചർച്ചിൽ കയറി. ഇവിടെ ജോളിയുടെ സാന്നിധ്യത്തിൽ വികാരിയുമായി സംസാരിച്ചു. പിന്നീട്, ജോളിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് വിവരം ലഭിച്ച വ്യക്തിയുടെ സ്റ്റേഷനറി കടയ്ക്കു മുന്നിലും ഇറങ്ങി. ഏറ്റവുമൊടുവിൽ എൻഐടി കന്റീനിൽ ജോളിയെ എത്തിച്ച് ജീവനക്കാരോട് വിവരങ്ങൾ തേടി. ജോളിയെ കണ്ടു പരിചയമുണ്ടെന്ന് ഇവർ മൊഴി നൽകി. എന്നാൽ എൻഐടി പരിസരത്ത് ജോളി ഫ്ലാറ്റ് വാങ്ങിയിട്ടുണ്ടെന്ന് അഭ്യൂഹമുയർന്ന ഭാഗത്തേക്ക് അന്വേഷണ സംഘം പോയതുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA