ADVERTISEMENT

കോഴിക്കോട്∙ കൂടത്തായിയിലെ 6 മരണങ്ങളും വെവ്വേറെ കേസുകളായി റജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം തുടങ്ങി. ഒരു ഡിവൈഎസ്പിയെയും 7 ഇൻസ്പെക്ടർമാരെയും ഉൾപ്പെടുത്തി അന്വേഷണസംഘം വീണ്ടും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്.

റോയ് തോമസിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടു കോടഞ്ചേരി പൊലീസ് സ്റ്റേഷനിൽ 2011 ൽ റജിസ്റ്റർ ചെയ്ത കേസിന്റെ പുനരന്വേഷണം എന്ന നിലയിലാണ് നടപടി തുടങ്ങിയതെങ്കിലും 6 മരണങ്ങളും പ്രത്യേക കേസുകളായി അന്വേഷിക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മറ്റ് 5 കേസുകളിലും എഫ്ഐആർ റജിസ്റ്റർ ചെയ്തു.

സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലും മറ്റു 4 കേസുകൾ കോടഞ്ചേരി സ്റ്റേഷനിലുമാണു റജിസ്റ്റർ ചെയ്തത്. 5 ഇൻസ്പെക്ടർമാർക്കാണ് അന്വേഷണച്ചുമതല. മേൽനോട്ടത്തിനായി 3 ഡിവൈഎസ്പിമാരെ നിയോഗിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ തന്നെയാണ് സംഘത്തലവൻ.

റോയ് തോമസ് വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസൻ തുടരും. വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ ജിനീഷ്കുമാർ, കൊടുവള്ളി എസ്എച്ച്ഒ ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ എന്നിവരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തി.

അന്നമ്മ തോമസിന്റെ കൊലപാതകം പേരാമ്പ്ര എസ്എച്ച്ഒ ഇൻസ്പെക്ടർ കെ.കെ. ബിജുവും ടോം തോമസിന്റെ കൊലപാതകം കുറ്റ്യാടി എസ്എച്ച്ഒ ഇൻസ്പെക്ടർ എൻ. സുനിൽകുമാറും അന്വേഷിക്കും. വടകര ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിനാണു മേൽനോട്ടച്ചുമതല. ആൽഫൈനിന്റെ കൊലപാതകം തിരുവമ്പാടി എസ്എച്ച്ഒ ഇൻസ്പെക്ടർ ഷാജു ജോസഫ് അന്വേഷിക്കും. താമരശ്ശേരി ഡിവൈഎസ്പി കെ.പി.അബ്ദുൽ റസാഖിനാണ് മേൽനോട്ടച്ചുമതല.

മഞ്ചാടിയിൽ മാത്യുവിന്റെ കൊലപാതകം കൊയിലാണ്ടി എസ്എച്ച്ഒ ഇൻസ്പെക്ടർ കെ.ഉണ്ണിക്കൃഷ്ണനും സിലിയുടെ കൊലപാതകം കോസ്റ്റൽ എസ്എച്ച്ഒ ബി.കെ. സിജുവും അന്വേഷിക്കും. തലശ്ശേരി ഡിവൈെഎസ്പി കെ.വി. വേണുഗോപാലിനാണ് മേൽനോട്ടച്ചുമതല. 

ഡിജിപി ഇന്നെത്തും

കൂടത്തായി കൊലക്കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നെത്തും. വടകരയിലെ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് അന്വേഷണ സംഘവുമായി ചർച്ച നടത്തുന്ന അദ്ദേഹം കൊലപാതകം നടന്ന വീടുകളും സന്ദർശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com